തിരുവനന്തപുരത്ത് മൂകയും ബധിരയുമായ വീട്ടമ്മയെ തോക്കിന്മുനയിൽ നിർത്തി കവർച്ച; കവർന്നത് മുക്കുപണ്ടം
തിരുവനന്തപുരം കാട്ടാക്കടയിൽ ബധിരയും മൂകയുമായ വീട്ടമ്മയെ തോക്കിന്മുനയിൽ നിർത്തി കമ്മലുകൾ കവർന്നു. മുതിയാവിള കളിയാകോട് കണ്ണേറ് വിളാകത്ത് ഷാലോം നിവാസിൽ കുമാരി(53)യെയാണ് വീട്ടിൽ അതിക്രമിച്ചുകടന്ന മോഷ്ടാവ് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ആഭരണം കവർന്നത്. എന്നാൽ മോഷ്ടാവ് കവർന്ന ആഭരണം മുക്കുപണ്ടമായിരുന്നുവെന്ന് വീട്ടുകാർ മൊഴിനൽകി.
ഇന്നലെ രാവിലെ ഏഴുമണിക്ക് കുമാരിയുടെ മകൾ ജ്യോതിയും മരുമകൻ രതീഷും പള്ളിയിൽ പോയ സമയത്താണ് കവർച്ച നടന്നത്. ഇവരുടെ ആറും നാലും വയസ്സുള്ള മക്കളും കുമാരിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
വീടിന്റെ മുൻവാതിലിലൂടെ കടന്ന മോഷ്ടാവ് കട്ടിലിൽ കിടക്കുകയായിരുന്ന കുമാരിയുടെ മുന്നിലെത്തി കമ്മലുകൾ ഊരി നൽകാൻ ആംഗ്യഭാഷയിൽ ആവശ്യപ്പെടുകയും എതിർക്കുന്നതിനിടെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. മുടിയിൽ പിടിച്ച് തല കുനിച്ച് മുതുകിൽ ഇടിക്കുകയും ചെയ്തു. ഇതോടെ കുമാരി കമ്മൽ ഊരി നൽകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് സമീപത്തെ മുറിക്കുള്ളിൽ കയറി അലമാരയിലെ സാധനങ്ങൾ വാരിവലിച്ചിട്ടു പരിശോധിച്ചു. ഇതിനു ശേഷം പിൻവശത്തെ വാതിലിൽ കൂടി പുറത്തേക്ക് കടക്കുകയായിരുന്നു.
അതേസമയം, കുമാരിയുടെ കയ്യിലുണ്ടായിരുന്ന സ്വർണ മോതിരവും അലമാരയിൽ സൂക്ഷിച്ചിരുന്ന 6000 രൂപയും മോഷ്ടാവിന്റെ കണ്ണിൽപെട്ടില്ല. കുട്ടികൾ ഉറങ്ങുകയായിരുന്ന മുറിയിലും കള്ളൻ കടന്നില്ല.
എട്ടരയോടെ ജ്യോതിയും രതീഷും വീട്ടിൽ തിരിച്ചെത്തിയപ്പോഴാണു സംഭവം പുറത്തറിഞ്ഞത്. രണ്ടാഴ്ച മുൻപാണ് കുമാരി മകളുടെ വീട്ടിലെത്തിയത്. കാട്ടാക്കട പൊലീസ് സ്ഥലത്തെത്തി. ഡിവൈഎസ്പി കെഎസ് പ്രശാന്ത്, ഇൻസ്പെക്ടർ എസ്. കിരൺ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണ സംഘം സ്ഥലത്തെത്തി തെളിവു ശേഖരിച്ചു.
കുമാരിയുടെ വിശദമായ മൊഴിയെടുക്കാൻ പൊലീസ് സ്പെഷൽ സ്കൂൾ അധ്യാപികയുടെ സഹായം പൊലീസ് തേടിയിട്ടുണ്ട്. ഇവരുടെ സഹായത്തോടെ മോഷ്ടാവിന്റെ രൂപ സാദൃശ്യവും മോഷണ രീതിയും പൊലീസ് കുമാരിയിൽ നിന്നു മനസ്സിലാക്കി. പൊക്കം കുറഞ്ഞ വ്യക്തിയാണ് മോഷ്ടാവ്. കുമാരി നൽകിയ സൂചനകൾ അനുസരിച്ച് ഇവരെ വ്യക്തമായി അറിയാവുന്ന ആരോ ആണ് മോഷണത്തിനു പിന്നിലെന്നാണ് പൊലീസ് നിഗമനം. മോഷണത്തിനായി വീട്ടിൽ കയറി കുമാരിയുടെ അടുത്ത് എത്തിയ മോഷ്ടാവ് ശബ്ദിക്കരുതെന്ന് ആംഗ്യം കാട്ടിയ ശേഷം മോഷ്ടാവ് സ്വന്തം കാതിൽ തൊട്ട് കാണിച്ചാണ് കമ്മൽ ഊരി നൽകാൻ ആവശ്യപ്പെട്ടത്.
ഈയടുത്ത് കുമാരിയുടെ മരുമകന് ചിട്ടി നറുക്കെടുപ്പിലൂടെ ലഭിച്ചിരുന്നതായി വിവരമുണ്ട്. ഈ തുക വാങ്ങാൻ ആവശ്യമായ ജാമ്യ രേഖകൾ ശരിയാക്കി നൽകിയത് രണ്ടുദിവസം മുൻപായിരുന്നു. ഈ പശ്ചാത്തലവും പൊലീസ് പരിശോധിക്കുന്നുണ്ട്.
Content Highlights: Thiruvananthapuram Theft, Kattakkada Theft