സ്കൂള്‍ സമയത്തിലെ മാറ്റം; സര്‍ക്കാര്‍ നിലപാട് ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമെന്ന് എം വി ഗോവിന്ദന്
സ്കൂള്‍ സമയത്തില്‍ മാറ്റം വരുത്തണമെന്ന ശുപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുകയുള്ളുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. നിലവില്‍ തീരുമാനം എടുത്തിട്ടില്ല. വിഷയത്തില്‍ ആദ്യമേ സമ്മര്‍ദ്ദം ചെലുത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്കൂള്‍ സമയം രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ആക്കണമെന്നാണ് ഖാദര്‍ കമ്മിറ്റിയുടെ ശുപാര്‍ശ. കുട്ടികള്‍ക്ക് പഠിക്കാന്‍ പറ്റിയ നല്ല സമയം രാവിലെയാണ്. ഉച്ചയ്ക്ക് ശേഷം കായിക പഠനങ്ങള്‍ക്ക് പ്രധാന്യം കൊടുക്കണമെന്നാണ് ശുപാര്‍ശയില്‍ പറയുന്നത.് ഇത് പുറത്തു വന്നതിനു പിന്നാലെ എതിര്‍പ്പുമായി മുസ്ലീം ലീഗും സമസ്തയും രംഗത്തെത്തിയിട്ടുണ്ട്.
റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ലെന്നാണ് സമസ്തയുടെ നിലപാട്. പഠനസമയം എട്ടുമണിയാക്കുന്നത് മൂലം ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മതപഠനത്തെ സാരമായി ബാധിക്കുമെന്നാണ് സമസ്ത വ്യക്തമാക്കിയത്. മുസ്ലീം ലീഗും സമാന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സ്കൂള്‍ സമയ ക്രമത്തില്‍ മാറ്റം വരുത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചുവരികയാണെന്ന് മുഖ്യമന്ത്രി തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു.