വൃക്കമാറ്റിവെച്ച രോഗി മരിച്ച സംഭവം; ഡോക്ടർമാർക്ക് ഗുരുതര വീഴ്ചപറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായ രോഗി മരിച്ച സംഭവത്തിൽ ഡോക്ടർമാർക്കും ആശുപത്രി അധികൃതർക്കും വീഴ്ച പറ്റിയെന്ന് ശരിവച്ച് അന്വേഷണ റിപ്പോർട്ട്. അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഏകോപിപ്പിക്കുന്ന കാര്യത്തിൽ വകുപ്പ് മേധാവിമാർക്ക് വീഴ്ച മാറ്റിയെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.
ശസ്ത്രക്രിയാ നടപടികൾക്ക് മേൽനോട്ടം വഹിക്കേണ്ട നെഫ്രോളജി,യൂറോളജി വകുപ്പ് മേധാവിമാർക്ക് ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. അവരവരുടെ ചുമതലകൾ ഇരുവരും കൃത്യമായി നിർവഹിച്ചില്ലെന്നും ശസ്ത്രക്രിയക്ക് നിർദേശം നൽകുന്നതിലും വീഴ്ച സംഭവിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. രോഗികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിലും പുതുക്കുന്നതിലും നെഫ്റോളജി, യൂറോളജി വകുപ്പുകൾക്ക് പിഴവ് സംഭവിച്ചു.അവയവം കാത്തിരിക്കുന്നവരുടെ പട്ടിക പുതുക്കിയത് കൃത്യമായി അല്ലെന്നും റിപ്പോർട്ടിലുണ്ട്.
വീഴ്ച വരുത്തയിവർക്കെതിരെ നടപടിക്ക് ആശാ തോമസിൻ്റെ റിപ്പോർട്ട് ശുപാർശ ചെയ്യുന്നുണ്ടെങ്കിലും വൃക്ക സ്വീകരിക്കാൻ താമസിച്ചത് മൂലമാണ് രോഗി മരിച്ചതെന്ന് റിപ്പോർട്ടിൽ പരാമർശമില്ല. എന്നാൽ വൃക്ക കൃത്യമായി സ്വീകരിച്ചു നടപടിക്രമങ്ങൾ സുഗമമാക്കിയില്ലെന്ന് റിപ്പോർട്ടിലുണ്ട്. ഏകോപന നടപടികൾക്ക് നേതൃത്വം വഹിക്കേണ്ട കോർഡിനേറ്റേഴ്സ് സ്ഥലത്ത് ഇല്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.