ഒരു മാസം മുമ്പ് കാറില്‍ കയറിക്കൂടിയ രാജവെമ്പാലയെ കോട്ടയത്ത് പിടികൂടി
പത്തടിയിലധികം നീളമുള്ള രാജവെമ്പാലയെ കോട്ടയത്ത് നിന്നും പിടികൂടി. ആര്‍പ്പൂക്കര സ്വദേശി സുജിത്തിന്റെ കാറില്‍ ഒരു മാസത്തിന് മുൻപ് മലപ്പുറത്തു നിന്ന് കയറി കൂടിയതാണ് രാജവെമ്പാലയെന്നാണ് സംശയം. സുജിത്തിന്റെ വീടിന് സമീപത്തു നിന്നാണ് രാജവെമ്പാലയെ പിടികൂടിയതും.
നിലമ്പൂരില്‍ ലിഫ്റ്റിന്റെ ജോലിക്കായി ഒരു മാസം മുമ്പാണ് സുജിത്തും സുഹൃത്തുക്കളും പോയത്. കാടിനോട് ചേര്‍ന്ന പ്രദേശത്തായിരുന്നു ജോലി. സുജിത്തിന്റെ കാറില്‍ ഒരു പാമ്പ് കയറിയതായി സമീപവാസികള്‍ അന്ന് സംശയം പ്രകടിപ്പിച്ചിരുന്നു. ഇതേതുടര്‍ന്ന് വാഹനം വിശദമായി പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്തിയില്ല. തുടര്‍ന്ന് ഇവര്‍ നിലമ്പൂരില്‍ നിന്ന് മടങ്ങുകയായിരുന്നു.
ഒരാഴ്ച മുമ്പ് കാര്‍ കഴുകുന്നതിനിടെ പാമ്പിന്റെ പടം കണ്ടതിനെ തുടർന്ന് പാമ്പ് കാറില്‍ തന്നെയുണ്ടാകാമെന്ന സംശയത്തില്‍ വാവ സുരേഷിനെ വിളിച്ചു വരുത്തി. തുടർന്ന് കാറു പരിസരങ്ങളും പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. പരിശോധനയിൽ സമീപത്തു കണ്ട പാമ്പിന്റെ വിസര്‍ജ്യം ഒരു മണിക്കൂര്‍ മുമ്പുള്ളതാണെന്ന് വാവ സുരേഷ് പറഞ്ഞതോടെ പാമ്പ് പരിസരത്ത് തന്നെയുണ്ടെന്ന് ഉറപ്പിക്കുകയായിരുന്നു. അന്ന് പാമ്പിനെ കണ്ടെത്താനാകാതെ വന്നതോടെ വാവ സുരേഷ് മടങ്ങി.
ഇന്ന് രാവിലെ വീടിന്റെ പരിസരത്ത് പാമ്പിനെ കണ്ടതോടെ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. വനംവകുപ്പ് അധികൃതര്‍ എത്തുന്നതിന് മുമ്പ് തന്നെ നാട്ടുകാര്‍ പാമ്പിനെ കണ്ട ഭാഗം വലയിട്ട് മൂടി. പാറമ്പുഴയില്‍ നിന്നുള്ള വനംവകുപ്പ് വിദഗ്ധ സംഘം സുജിത്തിന്റെ വീടിന്റെ 500 മീറ്റര്‍ അകലെയുള്ള അയല്‍വാസിയുടെ പുരയിടത്തില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്.