വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് തിരിച്ചടി; ശിക്ഷ റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി
വിസ്മയ കൊല്ലപ്പെട്ട കേസില്‍ പ്രതി കിരണ്‍ കുമാറിന് ഹൈക്കോടതിയില്‍ തിരിച്ചടി. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കിരണ്‍ സമര്‍പ്പിച്ച് ഹര്‍ജി ഹൈക്കോടതി തള്ളി. ശിക്ഷ മരവിപ്പിക്കാനാകില്ലെന്നും ജയില്‍വാസം തുടര്‍ന്നുകൊണ്ടുതന്നെ അപ്പീല്‍ നടപടികളുമായി മുന്നോട്ടുപോകണമെന്നും കോടതി പറഞ്ഞു. കേസിലെ അപ്പീല്‍ ഹര്‍ജിയില്‍ വിധി വരുന്നതുവരെ ശിക്ഷ മരവിപ്പിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് നടപടി സ്വീകരിച്ചത്. കേസിലെ ശിക്ഷാവിധിക്കെതിരേ കിരണ്‍കുമാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് അപ്പീലില്‍ വിധിവരുന്നതുവരെ ശിക്ഷ മരവിപ്പിക്കണമെന്നും ജയിലില്‍നിന്ന് പുറത്തിറങ്ങണമെന്നും ആവശ്യപ്പെട്ട് പ്രതി കോടതിയെ സമീപിച്ചത്.
കഴിഞ്ഞ മെയ് 24നാണ് വിസ്മയ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവും അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുമായിരുന്ന കിരണ്‍ കുമാറിനെ കോടതി ശിക്ഷിച്ചത്. പത്തുവര്‍ഷത്തെ തടവും 12.55 ലക്ഷം രൂപ പിഴയുമായിരുന്നു ശിക്ഷ. അഞ്ചുവകുപ്പുകളിലായി ആകെ 25 വര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചിരുന്നതെങ്കിലും ശിക്ഷകളെല്ലാം ഒരേകാലയളവില്‍ അനുഭവിച്ചാല്‍ മതിയെന്ന് കോടതി വ്യക്തമാക്കിയിരുന്നു.