കെഎം ബഷീറിന്റെ മരണം:’സിബിഐ അന്വേഷണം വേണം, സഹോദരന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ
മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ അബ്ദുഹ്മാൻ നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുമെന്നിരിക്കെ പ്രോസിക്യൂഷനും പോലീസും പ്രതിയെ സഹായിക്കുകയാണെന്ന് ഹർജിയിൽ പറയുന്നു. ജസ്റ്റിസ് സിയാദ് റഹ്മാൻ ആണ് ഹർജി പരിഗണിക്കുക.
2019 ആഗസറ്റ് 3 നാണ് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് കെ എം ബഷീർ കൊല്ലപ്പെടുന്നത്. കേസിൽ മ്യൂസിയം പൊലീസ് അന്വേഷണം പൂർത്തിയാക്കി തിരുവന്തപുരം സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. അപകട ദിവസം കെ.എം. ബഷീറിന്റെ മൊബൈൽ ഫോൺ നഷ്ടപ്പെടുകയും ഈ ഫോൺ കണ്ടെത്താൻ പോലീസിന് കഴിയാത്തത് ദുരൂഹമാണെന്നും ഫോണിൽ ശ്രീറാം വെങ്കിട്ടരാമനെതിരായ ചില തെളിവുകൾ ഉള്ളതായി സംശയിക്കുന്നുവെന്നും ഹർജിയിലുണ്ട്.
ഉന്നത സ്വാധീനമുള്ള പ്രതിയെ സഹായിക്കുകയാണ് പൊലീസ് ചെയ്തതെന്നും സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടാവാത്തതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും ഹർജിക്കാരൻ വ്യക്തമാക്കി.