വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കെഎം ഷാജി രംഗത്ത്
താന്‍ പാര്‍ട്ടി വിട്ടുപോകുമെന്ന് ആരും കരുതേണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. അവസാന ശ്വാസം വരെ പാര്‍ട്ടിയില്‍ തുടരും. എന്തു വിമര്‍ശനം ഉണ്ടായാലും ശത്രുപാളയത്തിലേക്ക് പോകില്ല. ശത്രുപാളയത്തില്‍ അടയിരുന്ന് ആനുകൂല്യം പറ്റുന്നവരുടെ കൂട്ടത്തില്‍ താനുണ്ടാകില്ലെന്നും ഷാജി പറഞ്ഞു. മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിലുണ്ടായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായിട്ടായിരുന്നു ഷാജിയുടെ പ്രതികരണം.
മസ്കറ്റില്‍ കെഎംസിസി സംഘടിപ്പിച്ച പരിപാടിയുടെ വേദിയില്‍ വെച്ചായിരുന്നു ഷാജിയുടെ മറുപടി. അഭിപ്രായ ഭിന്നതകള്‍ സ്വാഭാവികമാണ്. നേതാക്കളെ തിരുത്തുന്നതില്‍ എന്താണ് തെറ്റ്?. വിമര്‍ശനങ്ങള്‍ ഭയന്ന് താന്‍ ശത്രുപാളയത്തിലേക്ക് പോകുമെന്ന് ആര്‍ക്കും മോഹം വേണ്ട. ഉത്തരവാദിത്തങ്ങള്‍ നിറവേറ്റി മുന്നോട്ടുപോകുമെന്നും കെ എം ഷാജി പറഞ്ഞു.