കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൂപ്പല്‍ ബാധ; യൂറോളജി വിഭാഗം തിയറ്ററും ഐസിയുവും അടച്ചു
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൂപ്പല്‍ബാധയെ തുടര്‍ന്ന് യൂറോളജി വിഭാഗം തിയറ്ററും ഐസിയുവും അടച്ചു. തിയറ്ററില്‍ നിന്ന് വൃക്ക മാറ്റിവെച്ച രണ്ട് രോഗികള്‍ക്ക് അണുബാധ ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പൂപ്പല്‍ ബാധ കണ്ടെത്തിയത്. തിയറ്റര്‍ അടച്ച സാഹചര്യത്തില്‍ പ്ലാസ്റ്റിക് സര്‍ജറി, കാര്‍ഡിയോ തൊറാസിക് സര്‍ജറി, ഉദരരോഗ ശസ്ത്രക്രിയ എന്നീ വിഭാഗങ്ങള്‍ ഉപയോഗിക്കുന്ന തിയറ്റര്‍ താല്‍ക്കാലികമായി യൂറോളജി വിഭാഗത്തിനു കൂടി നല്കി.
വൃക്ക മാറ്റിവെച്ച് ഒരു രോഗിയുടെ മൂത്രത്തിന് നിറ വ്യത്യാസം ഉണ്ടായതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. പിന്നീട് രണ്ടാമത്തെ രോഗിയെയും പരിശോധനയ്ക്ക് വിധേയമാക്കി. രണ്ടു പേര്‍ക്കും കൃത്യ സമയത്ത് വിദഗ്ദ ചികിത്സ ലഭിച്ചതിനാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഓപ്പറേഷന് തിയറ്ററിലെ എയര്‍കണ്ടീഷനറില്‍നിന്നും വെള്ളം ഉള്ളിലേക്ക് എത്തിയതാണ് അണുബാധയ്ക്കു കാരണമായെന്നതെന്ന് അധികൃതര്‍ പറയുന്നു. മരാമത്ത് വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി പ്രശ്നം പരിഹരിച്ചു. ഇവിടെനിന്നും സ്വാബ് എടുത്ത് മൈക്രോബയോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അടുത്ത ദിവസം ഫലം ലഭിച്ച ശേഷമേ തിയറ്റര്‍ തുറക്കുകയുള്ളൂവെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ മെയ് 31 മുതല്‍ മെഡിക്കല്‍ കോളജില്‍ മൈക്രോ ബയോളജി വിഭാഗത്തില്‍ പൂപ്പല്‍ പരിശോധന നടത്തുന്ന വിദഗ്ദനില്ലെന്ന് ആരോപണവും ഉയര്‍ന്നു വരുന്നുണ്ട്. പൂപ്പല്‍ പരിശോധന നടത്തുന്ന സീനിയര്‍ സയന്റിഫിക് അസിസ്റ്റന്റ് മേയ് 31ന് വിരമിച്ചതാണ്. പകരം ആളെ നിയമിച്ചിട്ടില്ല. താല്‍ക്കാലികമായി ആളെ വയ്ക്കാന്‍ അനുമതിക്കായി മെഡിക്കല്‍ കോളജില്‍നിന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കു കത്തയച്ചെങ്കിലും തുടര്‍ നടപടി ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്കുന്ന വിവരം.
Content Highlights – Mold Issue, Kozhikode Medical College, Operation Theatre and ICU Closed