ശശി തരൂരിനെ വിമര്‍ശിച്ച് പ്രശ്നം വഷളാക്കരുത്; കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ ധാരണ
ശശി തരൂരിനെ കൂടുതല്‍ വിമര്‍ശിച്ച് പ്രശ്നം വഷളാക്കരുതെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിര്‍ദേശം. പ്രതിപക്ഷനേതാവ് വി ഡി സതീശന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ തരൂരിനെ എതിര്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇതാണ് അദ്ദേഹത്തിന്റെ പരിപാടികള്‍ക്ക് കൂടുതല്‍ പ്രചാരം നല്‍കിയതെന്ന് നേതാക്കള്‍ ചൂണ്ടിക്കാണിച്ചു. തരൂരിന്റെ വ്യക്തിത്വം പാര്‍ട്ടി ഉപയോഗപ്പെടുത്തണമെന്നും ആവശ്യമുയര്‍ന്നു.
തരൂര്‍ ഇതുവരെ പാര്‍ട്ടിവിരുദ്ധമായ ഒരുകാര്യവും സംസാരിച്ചിട്ടുമില്ല. അദ്ദേഹത്തിന്റെ പരിപാടികളില്‍ കൂടുതല്‍ ആളുകള്‍ എത്തുകയും ചെയ്യുന്നു. തികഞ്ഞ മതേതരത്വ നിലപാടാണ് തരൂര്‍ പുലര്‍ത്തുന്നതും. ഈ സാഹചര്യത്തില്‍ ഭാവിയില്‍ ശശി തരൂരിന് ലഭിക്കുന്ന വേദികളില്‍നിന്ന് അദ്ദേഹത്തെ വിലക്കേണ്ടതില്ല. അദ്ദേഹത്തിന് എതിരായ അഭിപ്രായങ്ങളുമായി മുന്നോട്ടു പോകേണ്ടതില്ല എന്നതാണ് യോഗത്തിന്റെ നിലപാട്.
കെ.പി.സി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ ആര്.എസ്.എസ്. അനുകൂല പരാമര്‍ശത്തിലും ചിലര്‍ അതൃപ്തി അറിയിച്ചു. അസമയത്തുണ്ടായ പ്രസ്താവന എന്നാണ് നേതാക്കള്‍ ചൂണ്ടിക്കാണിച്ചത്. ഇത്തരമൊരു പ്രസ്താവന വന്നപ്പോള്‍ അണികളില്‍ ആശയക്കുഴപ്പമുണ്ടായി. ഇടതുകക്ഷികള്‍ക്ക് കോണ്‍ഗ്രസിനെ വിമര്‍ശിക്കാനുള്ള സാഹചര്യം ഇതിലൂടെ സമ്മാനിക്കപ്പെട്ടു. ഒഴിവാക്കപ്പെടേണ്ട പ്രസ്താവനയായിരുന്നു എന്നായിരുന്നു പ്രതിനിധികളുടെ പൊതുവികാരം.