കല്ലേറ് പേടിയില്‍ ഹെല്‍മെറ്റ് ധരിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍; ആനവണ്ടിയെ ബലിയാടാക്കരുതെന്ന് കെഎസ്ആര്‍ടിസി
ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി ബസുകള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടതോടെ ഡ്രൈവര്‍മാര്‍ ബസോടിച്ചത് ഹെല്‍മെറ്റ് ധരിച്ച്. പന്തളത്തും ആലുവയിലുമാണ് ഡ്രൈവര്‍മാര്‍ ഹെല്‍മെറ്റ് ധരിച്ച് ബസോടിച്ചത്. യാത്രക്കാര്‍ പകര്‍ത്തിയ ഇതിന്റെ വീഡിയോകള്‍ വൈറലായി മാറിയിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായിരുന്നു.
കണ്ണൂര്‍ വളപട്ടണത്ത് കെ.എസ്.ആര്.ടി.സി സ്വിഫ്റ്റ് ബസിനുനേരെ കല്ലേറുണ്ടായി. സംഭവത്തില്‍ പത്തനംതിട്ട സ്വദേശിനി അനഘ, മാവിലായി സ്വദേശിനി പ്രസന്ന എന്നീ യാത്രക്കാര്‍ക്ക് പരിക്കേറ്റു. കോട്ടയത്തുനിന്ന് കൊല്ലൂരിലേക്ക് പോയ ബസിനു നേരെയാണ് ആക്രമണമുണ്ടായത്. കോഴിക്കോട് സിവില്‍ സ്റ്റേഷന് സമീപവും കെ.എസ്.ആര്.ടി.സി ബസിന് നേരെ കല്ലേറുണ്ടായി. കണ്ണിന് പരിക്കേറ്റ ഡ്രൈവറെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്തളത്തും കെഎസ്ആര്‍ടിസി ബസിനു നേരെയുണ്ടായ കല്ലേറില്‍ ഡ്രൈവര്‍ക്ക് സാരമായി പരിക്കേറ്റു.
ആക്രമണങ്ങളെത്തുടര്‍ന്ന് പലയിടത്തും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. പോലീസ് സംരക്ഷണം ലഭിച്ചാല്‍ സര്‍വീസുകള്‍ തുടരുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ഇതിനിടെ ആനവണ്ടിയെ ബലിയാടാക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന ഫെയിസ്ബുക്ക് പോസ്റ്റുമായി കെഎസ്ആര്‍ടിസി രംഗത്തെത്തി.
പ്രതിഷേധിക്കാനും സമരം ചെയ്യാനും സ്വാതന്ത്ര്യമുള്ള, അവകാശമുള്ള നമ്മുടെ നാട്, പക്ഷേ സമരങ്ങളുടെ കരുത്തുകാട്ടാന്‍ പലപ്പോഴും ആനവണ്ടിയെ ബലിയാടാക്കുന്ന പ്രവണത ദയവായി അവസാനിപ്പിക്കുക. ഇനിയും ഇത് ഞങ്ങള്‍ക്ക് താങ്ങാനാകില്ല. പ്രതിഷേധ സമരങ്ങളുടെ കരുത്തുകാട്ടാന്‍ ആനവണ്ടിയെ തെരഞ്ഞെടുക്കുന്നവര്‍ ഒന്നു മനസ്സിലാക്കുക. നിങ്ങള്‍ തകര്‍ക്കുന്നത് നിങ്ങളെത്തന്നെയാണ്. ഇവിടുത്തെ സാധാരണക്കാരന്റെ സഞ്ചാര മാര്‍ഗ്ഗത്തെയാണ്. ആനവണ്ടിയെ തകര്‍ത്തു കൊണ്ടുള്ള ഒരു സമരങ്ങളും ധാര്‍മ്മികമായി വിജയിക്കില്ല എന്നത് തിരിച്ചറിയുക എന്നാണ് പോസ്റ്റിലെ വാചകങ്ങള്‍.