ട്രാഫിക് സിഗ്നൽ ലംഘിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
ട്രാഫിക് സിഗ്നൽ ലംഘിച്ച് അമിതവേഗത്തിൽ വാഹനമോടിച്ചതിന് കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് താൽക്കാലികമായി സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു. ആലുവ പുളിഞ്ചോട് ജങ്ഷനിൽ വെച്ചായിരുന്നു പരാതിയ്ക്കിടയാക്കിയ സംഭവം. ഓഗസ്റ്റ് 16 മുതൽ 30 വരെയുളള 15 ദിവസത്തേക്കാണ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത്.
ഈ വർഷം ഏപ്രിൽ 18നായിരുന്നു കേസിനാസ്പദമായ സംഭവം. ചേർത്തല-മാനന്തവാടി കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് സ്റ്റേജ് ക്യാരേജ് ഡ്രൈവറായ സുനിൽകുമാർ ട്രാഫിക് സിഗ്നൽ ഒഴിവാക്കുന്നതിനായി പുളിഞ്ചോട് ജംഗ്ഷനിൽ നിന്ന് ആലുവ റോഡിന് കുറുകെ ബസ് ഓടിച്ചശേഷം ദേശീയപാതയിലേക്ക് വലത്തോട്ട് തിരിഞ്ഞാണ് വാഹനം ഓടിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട ട്രാഫിക് പോലീസ് ബസ് നിർത്താൻ ചുവന്ന ബാറ്റൺ കാണിച്ചു. തുടർന്ന് ബസ് നിർത്തിയെങ്കിലും എംവിഡി അസിസ്റ്റന്റ് ഇൻസ്പെക്ടർ ടിജി നിശാന്ത് ബസിനു സമീപമെത്തിയപ്പോൾ സുനിൽകുമാർ ബസുമായി കടന്നുകളയുകയായിരുന്നു.
പിന്നീട് വൈറ്റില മൊബിലിറ്റി ഹബ്ബിൽ എംവിഡി നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവറെ തിരിച്ചറിഞ്ഞത്. ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന് പുറമേ എറണാകുളത്ത് ലീഗൽ സർവീസ് അതോറിറ്റിയും എംവിഡിയുടെ എൻഫോഴ്സ്മെന്റ് വിഭാഗവും നടത്തുന്ന ക്ലാസിൽ പങ്കെടുക്കാനും സുനിൽകുമാറിനോട് നിർദേശിച്ചട്ടുണ്ട്.