എസ്ഡിപിഐയുടെ ഏറ്റവും വലിയ രാഷ്ട്രീയശത്രു മുസ്ലീം ലീഗ്; കുഞ്ഞാലിക്കുട്ടി
എസ്ഡിപിഐയുടെ ഏറ്റവും വലിയ രാഷ്ട്രീയശത്രു മുസ്ലീം ലീഗാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി. സിപിഎം നേതൃത്വം ഇപ്പോള്‍ ലീഗിനെ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെടുത്താന്‍ ശ്രമിക്കുകയാണ്. മുസ്ലീം ലീഗിനെ ഒതുക്കാന്‍ തീവ്രസംഘടനകളെ കൂട്ടുപിടിച്ചത് സിപിഎം ആണെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടി പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിന്റെ സംരക്ഷകര്‍ മുസ്ലിം ലീഗ് ആണന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ പ്രസ്താവനയ്ക്കാണ് കുഞ്ഞാലിക്കുട്ടിയുടെ മറുപടി.
മുസ്ലിം ലീഗിനെതിരെ തീവ്ര നിലപാടുളളവരെ ഒരേ വേദിയില്‍ എത്തിച്ചത് സിപിഎം ആണ്. ആര്‍എസ്എസിന് പകരം ഐഎസ്എസ് എന്ന് മുദ്രാവാക്യം വിളിച്ചവരെ ഒപ്പം ചേര്‍ത്തുനിര്‍ത്തി രാഷ്ട്രീയ ഐക്യമുണ്ടാക്കിയവരാണ് തീവ്രസ്വഭാവമുളള സംഘടനകളുടെ വളര്‍ച്ചയ്ക്ക് വളം നല്കി ഒപ്പം നിന്നത്. മുസ്ലിം ലീഗിനെ ഇല്ലാതാക്കാമെന്ന് സ്വപ്നം കണ്ട് ഒട്ടേറെ തിരഞ്ഞെടുപ്പുകളില്‍ ഈ സംഘടനകളുടെ സഹായം ആവശ്യമുളളപ്പോള്‍ സ്വീകരിക്കുകയും തിരിച്ചു സഹായിക്കുകയും ചെയ്തത് സിപിഎമ്മും ഇടതു പാര്‍ട്ടികളുമാണ്.
പോപ്പുലര്‍ ഫ്രണ്ടിന്റെ പിന്തുണയോടെ ഇടതുപക്ഷം ഭരണം നടത്തുന്ന തദ്ദേശ സ്ഥാപനങ്ങളുണ്ട്. രാഷ്ട്രീയമായി മുസ്ലീം ലീഗ് ഏറ്റവും ക്ഷീണിച്ച ഘട്ടങ്ങളില്‍ പോലും തീവ്രസ്വഭാവമുളള സംഘടനകളുടെ സഹായം സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.