പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങിയ അധ്യാപകന് കെ വി ശശികുമാര്‍ വീണ്ടും റിമാന്‍ഡില്‍
പോക്സോ കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ അധ്യാപകനും മലപ്പുറം നഗരസഭാ മുന്‍ സിപിഎം കൗണ്‍സിലറുമായ കെ വി ശശികുമാര്‍ വീണ്ടും അറസ്റ്റില്‍. വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചതിന് രണ്ട് പോക്സോ കേസുകളില്‍ അറസ്റ്റിലായ ഇയാള്‍ പോക്സോ കേസില്‍ തന്നെയാണ് വീണ്ടും അറസ്റ്റിലായത്. പൂര്‍വ്വ വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് നടപടി. വെള്ളിയാഴ്ചയാണ് ഇയാള്‍ക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ശശികുമാറിനെ റിമാന്‍ഡ് ചെയ്തു.
ഇതോടെ മൂന്ന് പോക്സോ കേസുകളാണ് ഇയാള്‍ക്കെതിരെ ഇപ്പോള്‍ നിലവിലുള്ളത്. ആദ്യ കേസിന് പിന്നാലെ ഒളിവില്‍ പോയ ശശികുമാറിനെ മെയ് 13ന് വയനാട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു. റിമാന്‍ഡിലായിരുന്ന ഇയാള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ജാമ്യത്തില്‍ ഇറങ്ങിയത്. സ്കൂളില്‍ നിന്ന് വിരമിച്ചതിനെക്കുറിച്ചുള്ള ഇയാളുടെ ഫെയിസ്ബുക്ക് പോസ്റ്റിനു കീഴില്‍ വന്ന കമന്റില്‍നിന്നാണ് സംഭവങ്ങളുടെ തുടക്കം.
ശശികുമാര്‍ പീഡിപ്പിച്ചതായി വെളിപ്പെടുത്തുന്ന കമന്റിന് പിന്നാലെ കൂടുതല്‍ പൂര്‍വ വിദ്യാര്‍ത്ഥിനികള്‍ ഇയാള്‍ക്കെതിരെ രംഗത്തെത്തി. ഇതോടെ വിഷയം സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ ഏറ്റെടുക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
Content Highlights: KV Sasikumar, POCSO, CPM, Councillor