ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു; നടപടി സുപ്രീം കോടതി കേസെടുത്തതിനു പിന്നാലെ
ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത ലോക്സഭാ സെക്രട്ടറിയേറ്റ് പിന്‍വലിച്ചു. അയോഗ്യത പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഫൈസല്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് തിടുക്കത്തില്‍ ലോക്സഭാ സെക്രട്ടറിയേറ്റിന്റെ നടപടി. വിലക്ക് പിന്വലിച്ചകൊണ്ട് സെക്രട്ടറിയേറ്റ് അടിയന്തര ഉത്തരവ് വധശ്രമക്കേസില്‍ കവരത്തി കോടതി 10 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചതിനെത്തുടര്‍ന്നാണ് ലോക്സഭയില്‍ നിന്ന് ഫൈസലിനെ അയോഗ്യനാക്കിയത്.
ഈ വിധി കേരള ഹൈക്കോടതി രണ്ടു മാസം മുന്‍പ് റദ്ദാക്കിയിരുന്നു. വിധി റദ്ദാക്കിയെങ്കിലും ലോക്സഭാ സെക്രട്ടറിയേറ്റ് ഫൈസലിന്റെ അയോഗ്യത പിന്‍വലിക്കാന്‍ തയ്യാറായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ഫൈസല്‍ സുപ്രീം കോടതിയെ സമീപിച്ചത്. സെഷന്‍സ് കോടതി വിധിയും ശിക്ഷയും കേരള ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും ലോക്സഭാ സെക്രട്ടേറിയറ്റ് അയോഗ്യത പിന്‍വലിച്ചിട്ടില്ലെന്നാണു ഫൈസലിന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.
അഭിഷേക് മനു സിങ്വി, കെ.ആര്.ശശിപ്രഭു എന്നിവരാണ് മുഹമ്മദ് ഫൈസലിന് വേണ്ടി ഹാജരായത്. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഹര്‍ജി ഇന്ന് അടിയന്തരമായി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. കവരത്തി കോടതി വിധി സ്റ്റേ ചെയ്തതിനെതിരെ ലക്ഷദ്വീപ് ഭരണകൂടം സമര്‍പ്പിച്ച ഹര്‍ജിയും ഇന്ന് പരിഗണിക്കും.