മട്ടന്നൂരിൽ ഭരണം നിലനിർത്തി എൽ ഡി എഫ് ; യു ഡി എഫിന് 14 സീറ്റിൽ ജയം.
മട്ടന്നൂർ നഗരസഭ ഭരണം എൽ ഡി എഫ് നിലനിർത്തി. 35 ൽ 21 സീറ്റുകൾ നേടിയാണ് എൽ ഡി എഫ് ഭരണം നിലനിർത്തിയത്. യു ഡി എഫിന് 14 സീറ്റുകളാണ് ലഭിച്ചത്. ഏഴ് സീറ്റുകൾ യു ഡി എഫ് അധികം നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഏഴ് സീറ്റുകൾ മാത്രമാണ് യു ഡി എഫ് നേടിയിരുന്നത്. മട്ടന്നൂർ എച്ച് എസ് എസിലാണ് വോട്ടെണ്ണൽ നടന്നത്. പൊതു തെരഞ്ഞെടുപ്പിൽ 84.61 ശതമാനമായിരുന്നു പോളിങ്ങ്. മുപ്പത്തിയഞ്ച് വാർഡുകളിലായി 111 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. പോസ്റ്റൽ ബാലറ്റിന് ആരും അപേക്ഷിച്ചിരുന്നില്ല എന്നത് ഇത്തവണത്തെ വോട്ടെടുപ്പിന്റെ പ്രത്യേകതയായിരുന്നു.
സംസ്ഥാന തലത്തിലെ നേതാക്കൾ നേരിട്ടെത്തി നടത്തിയ പ്രചാരണമായിരുന്നു മട്ടന്നൂരിലേത്.സംസ്ഥാനത്തെ മറ്റ് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒന്നര വർഷം പിന്നിടുമ്പോഴാണ് മട്ടന്നൂരിൽ തെരഞ്ഞെടുപ്പ് നടക്കാറുള്ളത്. മട്ടന്നൂർ പഞ്ചായത്തിനെ നഗരസഭയാക്കി ഉയർത്തിയതുമായി ബന്ധപ്പെട്ട കേസുകളും തർക്കങ്ങളും നിലനിന്നതിനാലാണ് ഇവിടെ തെരഞ്ഞെടുപ്പ് വൈകിയത്.