മൂന്നാറിന് സമീപം ചെങ്കുളത്ത് ജനവാസ മേഖലയില്‍ പുലിയിറങ്ങി
മൂന്നാറിന് സമീപം ജനവാസ മേഖലയില്‍ പുലിയിറങ്ങി. ചെങ്കുളം അണക്കെട്ടിന് സമീപമാണ് പുലിയിറങ്ങിയത്. രാത്രി പട്രോളിംഗ് നടത്താനിറങ്ങിയ വെള്ളത്തൂവല്‍ പോലീസ് ആണ് പുലിയ കണ്ടത്. മാങ്ങാപ്പാറ ഭാഗത്തേക്കാണ് പുലി നീങ്ങിയതെന്ന് പോലീസ് അറിയിച്ചു.
പ്രദേശത്ത് വനംവകുപ്പിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തും. നേരത്തേ ഈ പ്രദേശത്ത് പുലി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചിരുന്നു. ഏതാനും ദിവസം മുന്‍പാണ് മൂന്നാര്‍ നയമക്കാട് മേഖലയില്‍ വളര്‍ത്തു മൃഗങ്ങളെ ആക്രമിച്ച കടുവ വനം വകുപ്പിന്റെ കെണിയില്‍ കുടുങ്ങിയത്. രണ്ടു ദിവസത്തിനിടെ പത്തോളം പശുക്കളെ കടുവ ആക്രമിച്ചിരുന്നു.
കടുവയുടെ ഇടതു കണ്ണിന് തിമിരം ബാധിച്ചതായി കണ്ടെത്തിയിരുന്നു. അതുമൂലം ഇരപിടിക്കാന്‍ ബുദ്ധിമുട്ടുണ്ടായതിനെത്തുടര്ന്നാണ് കടുവ നാട്ടിലിറങ്ങിയതെന്ന വിലയിരുത്തലിലാണ് വനം വകുപ്പ്. കടുവയെ ഇന്നലെ പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്നു വിട്ടു.