മഹാരാഷ്ട്ര: ഷിന്‍ഡെയ്ക്ക് പിന്തുണ അറിയിച്ച് 37 എം എല്‍ എമാരുടെ കത്ത്
മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുകയാണ്. ഏക്നാഥ് ഷിൻഡെയെ ശിവസേനയുടെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തെന്ന് ചൂണ്ടിക്കാട്ടി അദ്ദഹം ഗവർണർക്കും ഡെപ്യൂട്ടി സ്പീക്കർക്കും കത്തയച്ചു. 37 എം എൽ എ മാരാണ് കത്തിൽ ഒപ്പിട്ടത്. നിലവിൽ നാൽപ്പത്തിരണ്ട് പേരുടെ പിന്തുണയുണ്ടെന്നാണ് ഷിൻന്റെ പറയുന്നത്.
വിമത എം എൽ എ മാർ ഇപ്പോഴും ഗുവാഹത്തിയിലെ ഹോട്ടലിൽ തന്നെയാണ്. 24 മണിക്കൂറിനുള്ളിൽ മുംബൈയിലെത്തിയാൽ കോൺഗ്രസ് – എൻ സി പി സഖ്യം ഉപേക്ഷിക്കാമെന്ന നിലപാടിലാണ് ഉദ്ധവ് താക്കറെ.
രണ്ട് ശിവസേന എം എൽ എമാർ കൂടി ഷിന്റെയും സംഘവും താമസിക്കുന്ന ഹോട്ടലിലെത്തി. ഇതോടെ വിമതരുടെ എണ്ണം 44 ആയി. 12 എം എൽ എ മാർക്കെതിരെ പരാതി നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് മുന്നണിക്കുള്ള ഭൂരിപക്ഷം നിയമസഭയിൽ തെളിയിക്കുമെന്ന് ആവർത്തിക്കുകയാണ് എൻ സി പി അധ്യക്ഷൻ ശരത് പവാർ. വിമത എം എൽ എ മാർ തിരകെയെത്തിയാൽ സാഹചര്യം മാറുമെന്നാണ് വിലയിരുത്തൽ.
ഭൂരിഭാഗം എം എൽ എ മാരും തനിക്കൊപ്പം തുടരുന്ന സാഹചര്യത്തിൽ അയോഗ്യരാക്കുക എന്ന നീക്കം നടക്കില്ലെന്ന ഉറച്ച വിശ്വാസമാണ് ഏക്നാഥ് ഷിൻഡെക്കുള്ളത്. നിലവിൽ ഉടലെടുത്ത വിമത നീക്കത്തിൽ ബി ജെ പിക്ക് പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ പിന്തുണ ഉറപ്പിക്കുന്നതിനുള്ള അവസാനവട്ട ശ്രമത്തിലാണ് ശിവസേന. ഇന്ന് പാർട്ടിയുടെ ജില്ലാ അധ്യക്ഷൻമാരുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. പാർട്ടി ഭാരവാഹികളുടെ പിന്തുണ ഉറപ്പിക്കുകയാണ് ഠാക്കറെയുടെ ലക്ഷ്യം.
മുൻ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായി ദേവേന്ദ്ര ഫട്നാവിസ് അമിത്ഷായെ കാണാനായി ഡൽഹിയിലെത്തി. ശിവസേനയും എൻസിപിയും നടത്തുന്ന നീക്കങ്ങളെ എങ്ങനെ തടയാം എന്ന കാര്യമാണ് പ്രധാനമായും ചർച്ചകളിൽ ഉരുത്തിരിയുക.
മഹാരാഷ്ട്രയിൽ ബി ജെ പി നേതൃത്വത്തിലുള്ള സർക്കാർ രൂപീകരിക്കുന്നത് വൈകില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. വിശ്വാസ വോട്ടെടുപ്പിലേക്ക് ഉടനെ പോവാനുള്ള സാധ്യതയില്ല. കോൺഗ്രസ് – എൻ സി പി സഖ്യം ഉപേക്ഷിച്ചാൽ വിമതർ തിരികെ വരുമെങ്കിൽ അതിന് തയ്യാറാണെന്ന ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ പ്രസ്താവനയെ പൂർണമായും ബി ജെ പി വിശ്വാസത്തിലെടുത്തിട്ടില്ല.
നിലവിൽ ഏക്നാഥ് ഷിൻഡെക്കൊപ്പമുള്ള എം എൽ എ മാർ നിലപാട് മാറ്റുമോ എന്ന ആശങ്കയും ബി ജെ പിക്കുണ്ട്.മഹാസഖ്യം വിടുക എന്നത് എല്ലാ എം എൽ എ മാരുടെയും ആവശ്യമാണെങ്കിൽ അക്കാര്യത്തിൽ ചർച്ചയാവാമെന്നാണ് സഞ്ജയ് റാവത്ത് പറയുന്നത്.
എട്ട് മന്ത്രിസ്ഥാനം ഉൾപ്പെടെയുള്ള വലിയ വാഗ്ദാനങ്ങളാണ് ബി ജെ പി വിമതർക്ക് മുന്നിൽ വെച്ചിട്ടുള്ളതെന്നാണ് വിവരം. ശിവസേനയുടെയും എൻ സി പിയുടെയും പൂർണ പിന്തുണ ഉള്ളതിനാൽ സർക്കാർ താഴെ വീണാലും മഹാ വികാസ് അഖാഡിയായി പ്രതിപക്ഷത്തിരിക്കാനാണ് ഉദ്ധവ് ഠാക്കറെയുടെ തീരുമാനം.
Content Highlights – Letter from 37 MLA expressing support for Eknath Shinde