കെ കെ രമയെ അധിക്ഷേപിച്ച് എം എം മണി ; മാപ്പ് പറയുന്നത് വരെ സഭ തുടരാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷം
വടകര എം എൽ എ കെ കെ രമയെ നിയമസഭയിൽ അധിക്ഷേപിച്ച് മുൻമന്ത്രി എം.എം മണി. ‘ഒരു മഹതി സര്‍ക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങള്‍ ആരും ഉത്തരവാദികളല്ല’- എന്നാണ് പരിഹാസ രൂപേണ ഉടുമ്പൻചോല എം എൽ എ എം എം മണി നിയമസഭയിൽ പറഞ്ഞത്. പൊലീസിനെതിരെ കെ കെ രമ വിമർശനമുന്നയിച്ചപ്പോളാണ് അദ്ദേഹത്തിന്റെ പരാമർശം.
എം എം മണിയുടെ പരാമർശത്തിനെതിരെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. എം.എം മണി മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ നിർത്തിവെച്ചു. അതേസമയം താൻ ആരെയും അപമാനിച്ചിട്ടില്ലെന്ന് എം എം മണി പറഞ്ഞു. പരാമർശം കേട്ട് ബഹളം വെച്ച പ്രതിപക്ഷത്തിന് എതിരെ ‘മിണ്ടാതിരിയെടാ ഉവ്വേ’ എന്ന നാടൻ ശൈലിയിലാരുന്നു മണിയുടെ പ്രതികരണം. ”കൂവിയിരുത്തലൊന്നും എന്റടുത്ത് പറ്റില്ല. ടിപി ചന്ദ്രശേഖരൻ വധക്കേസുമായി ബന്ധപ്പെട്ട് രണ്ടുലക്ഷം പേരെ പീഡിപ്പിച്ചയാളാണ് അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഈ കേരളം കണ്ടതിലെ ഏറ്റവും വൃത്തികെട്ട ആഭ്യന്തരമന്ത്രിയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ.” എന്നും എം എം മണി പറഞ്ഞു.
കൂട്ടത്തിലുള്ള സഹോദരിയെ മോശമായ രീതിയിൽ അധിക്ഷേപിച്ച എം എം മണി മാപ്പ് പറയുന്നതുവരെ സഭ തുരടാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. മണി തോന്ന്യാസം പറയുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Content highlights: M M Mani insult K K Rama at Niyama Sabha