സസ്പെന്ഷന് നിയമവിരുദ്ധം; സര്‍ക്കാരിനെതിരെ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് എം ശിവശങ്കര്‍
സര്‍ക്കാരിനെതിരെ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് എം ശിവശങ്കര്‍. സ്വര്‍ണ്ണക്കടത്തു കേസില്‍ തന്നെ സസ്പെന്‍ഡ് ചെയ്തത് നിയമവിരുദ്ധമായാണെന്നും നടപടി റദ്ദാക്കണമെന്നുമാണ് ആവശ്യം. 2020 ജൂലൈ 17നാണ് ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തത്.
ജൂലൈ 7ന് താന്‍ അവധിക്ക് അപേക്ഷിച്ചിരുന്നു. ഒരു വര്‍ഷത്തേക്ക് അവധിയില്‍ പോകാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതുമാണ്. എന്നാല്‍ അവധി റദ്ദാക്കി തന്നെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നെന്ന് ഹര്‍ജിയില്‍ ശിവശങ്കര്‍ ചൂണ്ടിക്കാട്ടുന്നു. അവധി റദ്ദാക്കിയതിനും തന്നെ സസ്പെന്‍ഡ് ചെയ്തതിനും പിന്നില്‍ രാഷ്ട്രീയ കാരണങ്ങളും ബാഹ്യ ഇടപെടലുകളുമാണുള്ളത്.
മാധ്യമങ്ങളുടെ കോലാഹലങ്ങളെ തൃപ്തിപ്പെടുത്താന്‍ നിരപരാധിയായ തന്നെ സസ്പെന്‍ഡ് ചെയ്യാന്‍ സര്‍ക്കാര്‍ നിര്ബന്ധിതമാകുകയായിരുന്നെന്നും ശിവശങ്കര്‍ ആരോപിക്കുന്നു.