ലൈഫ് മിഷന് കേസില്‍ എം ശിവശങ്കറിന് സിബിഐയുടെ നോട്ടീസ്
എം ശിവശങ്കറിന് നോട്ടീസ് നല്കി സിബിഐ. ലൈഫ് മിഷന് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടിയാണ് നോട്ടീസ്. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ശിവശങ്കറിനെ കേസില്‍ ആദ്യമായാണ് ചോദ്യം ചെയ്യുന്നത്.
ലൈഫ് മിഷന് പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരിയില്‍ ഫ്ളാറ്റ് നിര്‍മിക്കാനുള്ള പദ്ധതി നടപ്പാക്കാന്‍ ശിവശങ്കറിന് ഒരു കോടി രൂപ കൈക്കൂലി ലഭിച്ചതായി കസ്റ്റംസാണ് ആരോപണം ഉന്നയിച്ചത്. ഡോളര്‍ കടത്തു കേസിലായിരുന്നു ആരോപണം. ശിവശങ്കറിനെ ആറാം പ്രതിയാക്കിയാക്കി കസ്റ്റംസ് സാമ്പത്തിക കുറ്റവിചാരണക്കോടതിയായ എറണാകുളം അഡീ. സിജെഎം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലായിരുന്നു ആരോപണം.
സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ്, കൂട്ടുപ്രതി പി.എസ്.സരിത്ത്, ലൈഫ് മിഷന്റെ കരാര്‍ ഏറ്റെടുത്ത യൂണിടാക് എംഡി സന്തോഷ് ഈപ്പന് എന്നിവരെ സിബിഐ നേരത്തേ ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷന്റെ വടക്കാഞ്ചേരി പദ്ധതിക്കു വേണ്ടി 18.50 കോടി രൂപയാണു യുഎഇ കോണ്‍സുലേറ്റ് വഴി സ്വരൂപിച്ചത്. ഇതില്‍ 14.50 കോടി രൂപ കെട്ടിടനിര്‍മാണത്തിനു വിനിയോഗിച്ചപ്പോള്‍ ബാക്കി തുക കോഴയായി വിതരണം ചെയ്തുവെന്നാണ് ആരോപണം.