അകമ്പടി പോകാന്‍ പോലീസിന് 56 ലക്ഷം വേണം, കുറയ്ക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി; മഅദനി കേരളത്തിലേക്കില്ല
അകമ്പടി പോകുന്ന പോലീസ് സേനയ്ക്ക് 56.63 ലക്ഷം രൂപ വേണമെന്ന കര്‍ണാടക പോലീസിന്റെ ആവശ്യത്തില്‍ സുപ്രീം കോടതി ഇടപെടില്ല. ഇതോടെ കേരളത്തിലേക്കില്ലെന്ന് വ്യക്തമാക്കി അബ്ദുള്‍ നാസര്‍ മഅദനി. ഭീമമായ തുക കെട്ടിവെച്ച് നാട്ടിലേക്ക് വരാനുള്ള സാഹചര്യമൊരുക്കി തെറ്റായ കീഴ് വഴക്കമുണ്ടാക്കാന്‍ താനില്ലെന്ന് മഅദനി വ്യക്തമാക്കി.
മരണത്തെ നേരിടേണ്ടിവന്നാലും അനീതിയുമായി സന്ധിചെയ്യാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അഭിഭാഷകരുമായി സംസാരിച്ച് മുന്നോട്ടുള്ള നിയമനടപടികളടക്കം ആലോചിക്കും. ആരോഗ്യപരമായ ബുദ്ധിമുട്ടുകൊണ്ട് പരമാവധിയുണ്ടാവാന് പോകുന്ന നഷ്ടം മരണമാണ്. മരണം അഭിമുഖീകരിക്കേണ്ടിവന്നാലും അനീതിയോട് സന്ധിചെയ്യാതെ മരിച്ചുവെന്ന് സ്മരിക്കപ്പെടാനും ആ രീതിയിലുള്ള പ്രാര്‍ഥനകള്‍ ലഭിക്കാനുമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
മഅദനിയ്ക്ക് കേരളത്തിലേക്ക് അകമ്പടി പോകുന്ന പോലീസുകാരുടെ എണ്ണവും ചെലവും വെട്ടിക്കുറയ്ക്കാന്‍ നിര്‍ദേശിക്കണമെന്ന ആവശ്യം ഇന്നാണ് സുപ്രീം കോടതി തള്ളിയത്. ബംഗളൂരുവില്‍ തനിക്ക് ഒരു പോലീസുകാരനാണ് സുരക്ഷ നല്‍കുന്നതെന്നും കേരളത്തിലേക്ക് പോകുമ്പോള്‍ ഇരുപത് പോലീസുകാര്‍ അകമ്പടിയായി ഒപ്പം ഉണ്ടാകുമെന്നാണ് പറയുന്നതെന്ന് മഅദനിയുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.
2018-നെക്കാള്‍ സുരക്ഷയ്ക്ക് ചെലവ് കൂടി. അതിനാലാണ് മുമ്പ് മഅദനി കേരളത്തിലേക്ക് പോയപ്പോള്‍ ഈടാക്കിയതിനെക്കാളും കൂടിയ തുക ഈടാക്കുന്നത്. ഒരു സമയം ആറ് പോലീസുകാരുടെ സുരക്ഷ മാത്രമേ മഅദനിക്ക് ഉണ്ടാകുകയുള്ളുവെന്നും മൂന്ന് ഷിഫ്റ്റ് ആയിട്ടാണ് സുരക്ഷാ പോലീസുകാര്‍ പ്രവര്‍ത്തിക്കുകയെന്നും കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് മഅദനിയുടെ ആവശ്യത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്.