അട്ടപ്പാടി മധു വധക്കേസില്‍ വിചാരണ നടപടികള്‍ തടഞ്ഞ് ഹൈക്കോടതി
അട്ടപ്പാടി മധു വധക്കേസില്‍ വിചാരണക്കോടതി നടപടികള്‍ തടഞ്ഞ് ഹൈക്കോടതി. മധുവിന്റെ അമ്മ നല്കിയ ഹര്‍ജിയിലാണ് വിചാരണ നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. പ്രോസിക്യൂട്ടറെ മാറ്റണമെന്ന് വിചാരണക്കോടതിയില്‍ മല്ലി ആവശ്യപ്പെട്ടിരുന്നെങ്കിലും ഹൈക്കോടതിയെ സമീപിക്കാനായിരുന്നു ലഭിച്ച നിര്‍ദേശം.
മണ്ണാര്‍ക്കാട് എസ് സി എസ്ടി കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. പുതിയ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ച ശേഷം വിചാരണാ നടപടികള്‍ വീണ്ടും ആരംഭിച്ചാല്‍ മതിയെന്നായിരുന്നു മല്ലി ഹൈക്കോടതിയില്‍ ഉന്നയിച്ച ആവശ്യം. നിലവില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായ സി.രാജേന്ദ്രന് വേണ്ട രീതിയില്‍ കോടതിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നില്ലെന്നാണ് മധുവിന്റെ കുടുംബം പരാതിപ്പെടുന്നത്.
പബ്ലിക് പ്രോസിക്യൂട്ടര്‍ നിരന്തരം ഹാജരാകാതിരുന്നതു മൂലം കേസില്‍ വിചാരണ വൈകിയിരുന്നു. ഇതു വിവാദമായതിന് പിന്നാലെയാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചത്. ഈ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്കെതിരെ പിന്നീട് കുടുംബം രംഗത്തെത്തുകയായിരുന്നു. 122 സാക്ഷികളില്‍ രണ്ടു സാക്ഷികളെയാണ് ഇതുവരെ വിസ്തരിച്ചത്. അവര്‍ രണ്ടു പേരും കൂറുമാറുകയും ചെയ്തു.
മധുവിന്റെ ബന്ധുവായ ചന്ദ്രനും, നാട്ടുകാരനായ ഉണ്ണികൃഷ്ണനുമാണ് കൂറുമാറിയത്. പ്രതികള്‍ സ്വാധീനം ഉപയോഗിച്ച് സാക്ഷികളെ കൂറുമാറ്റുകയാണെന്ന പരാതിയാണ് കുടുംബം ഉന്നയിക്കുന്നത്.
Content Highlights: Madhu, Attappadi, Trial, High Court