അതീഖ് അഹമ്മദിന്റെ കൊല സത്യപാല്‍ മാലിക്കിന്റെ വെളിപ്പെടുത്തല്‍ മറയ്ക്കാന്‍; ആരോപണവുമായി മഹുവ മൊയ്ത്ര
അതീഖ് അഹമ്മദും സഹോദരന് അഷ്റഫും കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. ബിജെപി ഇന്ത്യയെ മാഫിയ റിപ്പബ്ലിക്കായി മാറ്റിയെന്ന് ട്വിറ്റര്‍ സന്ദേശത്തില്‍ മഹുവ പറഞ്ഞു. പുല്‍വാമ സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരെ ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍മാലിക് നടത്തിയ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് കൊലപാതകമെന്നും അവര്‍ ആരോപിച്ചു.
പോലീസ് കസ്റ്റഡിയിലായിരുന്ന രണ്ടു പേര് അസംഖ്യം പോലീസുകാര്‍ക്കും ക്യാമറകള്‍ക്കും നടുവില്‍ വെടിയേറ്റു കൊല്ലപ്പെട്ടു. ഇത് നിയമവ്യവസ്ഥയുടെ മരണമാണ്. യോഗിയും യു.പി പോലീസും ചേര്‍ന്ന് മേല്‍വിലാസമില്ലാത്ത മൂന്നുപേരെ കുറ്റവാളികളാക്കിയിരിക്കുകയാണെന്നും മഹുവ ആരോപിച്ചു.
ശനിയാഴ്ചയാണ് ഉമേഷ്പാല്‍ വധക്കേസില്‍ പോലീസ് പിടിയിലായ ഗുണ്ടാത്തലവനും രാഷ്ട്രീയനേതാവുമായ അതിഖ് അഹമ്മദും സഹോദരന് അഷ്റഫ് അഹമ്മദും വെടിയേറ്റ് കൊല്ലപ്പെട്ടത്. മെഡിക്കല്‍ പരിശോധനകള്‍ക്കായി കൊണ്ടുപോകുന്നതിനിടെ പ്രയാഗ് രാജില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരുടെ വേഷത്തിലെത്തിയ രണ്ടുപേര്‍ ഇവര്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു.