‘കുഴിമന്തി’ നിരോധിക്കണമെന്ന് വി കെ ശ്രീരാമന്; മലയാളത്തില്‍ പുതിയ വിവാദം
കുഴിമന്തി എന്ന പേര് നിരോധിക്കണമെന്ന നടനും സാംസ്കാരിക നായകനുമായ വി കെ ശ്രീരാമന്റെ പോസ്റ്റ് വിവാദത്തില്‍. ഒരു ദിവസത്തേക്ക് എന്നെ കേരളത്തിന്റെ ഏകാധിപതിയായി അവരോധിച്ചാല്‍ ആദ്യം ചെയ്യുക കുഴിമന്തി എന്ന പേര് എഴുതുന്നതും പറയുന്നതും പ്രദര്‍ശിപ്പിക്കുന്നതും നിരോധിക്കുക എന്നതായിരിക്കുമെന്ന് ശ്രീരാമന് കുറിച്ചു. ഇതിനെ അനുകൂലിച്ച് കമന്റ് ബോക്സില്‍ സുനില്‍ പി ഇളയിടവും ശാരദക്കുട്ടിയും എത്തിയതോടെയാണ് വിവാദം തുടങ്ങിയത്. കമന്റ് വിവാദമായതോടെ വിശദീകരണവുമായി ശാരദക്കുട്ടി രംഗത്തെത്തുകയും കമന്റ് പിന്‍വലിക്കുകയും ചെയ്തു.
സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതികരണങ്ങളാണ് ശ്രീരാമന്റെ കുഴിമന്തി പോസ്റ്റിനുണ്ടായത്. വാക്കുകളെ പുറന്തള്ളാനുള്ള ശ്രമം ജനാധിപത്യം എന്ന സങ്കല്പത്തിനു നേരെയുള്ള വെല്ലുവിളിയാണെന്ന് കവിയും അധ്യാകനുമായ വി. അബ്ദുല്‍ ലത്തീഫ് അഭിപ്രായപ്പെട്ടു. സാംസ്കാരിക വൈവിധ്യങ്ങളോടെ എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്തു നിര്‍ത്തുന്ന ഒന്നുകൂടിയാണ് ജനാധിപത്യം. ഭാഷ, വേഷം, ഭക്ഷണരീതി എന്നിവയൊക്കെ വരേണ്യമായ ഏതെങ്കിലുമൊന്നിലേക്ക് ചുരുക്കുന്നതല്ല. ഭിന്നമായി നില്‍ക്കുമ്പോഴും പരസ്പര ബഹുമാനത്തിന്റെ ചേര്‍ച്ച കാണിക്കുന്നതാണ് ജനാധിപത്യമെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.
കുഴിയിലാണെങ്കിലും പുറത്താണെങ്കിലും മന്തിക്കൊപ്പം എന്നാണ് മുരളി തുമ്മാരുകുടിയുടെ പോസ്റ്റ്. കെ എഫ് സിയും പിസാഹട്ടും ഒക്കെ വന്നിട്ടും കുഴിമന്തി കേരളത്തിലെ പുതിയ തലമുറയുടെ ഹരമാണ്. മന്തിക്കൊപ്പം ചിലര്‍ ഓഫര്‍ ചെയ്യുന്ന ഫ്രീ അണ്‍ലിമിറ്റഡ് റൈസ് ആരോഗ്യത്തിന് ഹാനികരമാണെന്നും തുമ്മാരുകുടി കുറിക്കുന്നു.