കുറുക്കന് ഒരിക്കലും കോഴിയെ സംരക്ഷിച്ച ചരിത്രമില്ല; ബിഷപ്പിന്റെ പ്രസ്താവനയ്ക്കെതിരെ എം ബി രാജേഷ്

തലശ്ശേരി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ ബിജെപി അനുകൂല പ്രസ്താവനയില്‍ പ്രതികരണവുമായി മന്ത്രി എം ബി രാജേഷ്. കുറുക്കനൊരിക്കലും കോഴിയെ സംരക്ഷിച്ച ചരിത്രമില്ലെന്ന് ന്യൂനപക്ഷങ്ങള്‍ക്കറിയാമെന്ന് രാജേഷ് പറഞ്ഞു. റബര്‍ വില 300 ആക്കിയാല്‍ കേരളത്തില്‍ ബിജെപിക്ക് എംപിമാരില്ലെന്ന വിഷമം മാറ്റിത്തരാമെന്നാണ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞത്. .
കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലാകെ കൃഷിക്കാരുടെ ഉത്പന്നങ്ങള്‍ക്ക് വിലയിടിവിന് കാരണമായിട്ടുള്ള നയങ്ങള്‍ നേരത്തെ കോണ്‍ഗ്രസ് ഗവണ്മെന്റും ഇപ്പോള്‍ കൂടുതല്‍ തീവ്രമായി ബിജെപി ഗവണ്മെന്റും നടപ്പാക്കുകയാണ്. ആസിയാന്‍ കരാറിനെതിരെ കേരളത്തില്‍ ഇടതുപക്ഷം മനുഷ്യച്ചങ്ങല തീര്‍ത്തപ്പോള്‍ അന്ന് ബോധ്യപ്പെടാതിരുന്നവര്‍ക്കും ആസിയാന്‍ കരാര്‍ കാര്‍ഷികവിലയിടിവിന് കാരണമാകുന്നുവെന്ന് പിന്നീട് ബോധ്യമായതായും എം.ബി. രാജേഷ് പറഞ്ഞു.
കോണ്‍ഗ്രസ് സര്‍ക്കാരാണ് ആസിയാന്‍ കരാര്‍ നടപ്പാക്കിയതെങ്കില്‍ പിന്നീട് അധികാരത്തില്‍ വന്ന ബിജെപി സര്‍ക്കാര്‍ കൂടുതല്‍ സ്വതന്ത്ര കരാറുകള്‍ വഴി കാര്ഷികോല്പന്നങ്ങളുടെ വിലത്തകര്‍ച്ചയ്ക്ക് ഇടയാക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.