എംവി ഗോവിന്ദന് പകരം മന്ത്രി; സിപിഎം സെക്രട്ടേറിയറ്റ് ഇന്ന്
സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ എംവി ഗോവിന്ദൻ വെള്ളിയാഴ്ച മന്ത്രി സ്ഥാനം രാജിവെച്ചേക്കും. തുടർന്ന് എം വി ഗോവിന്ദൻ പാർട്ടി സെക്രട്ടറി ആയ ഒഴിവിൽ ആര് മന്ത്രിയാകണമെന്ന് സിപിഎം സെക്രട്ടേറിയറ്റ് ഇന്ന് തീരുമാനിച്ചേക്കും. ഇതിന് ശേഷമായിരിക്കും രാജി. രാജി ശനിയാഴ്ചത്തേക്ക് മാറ്റാനും സാധ്യതയുണ്ട്. രാവിലെ സെക്രട്ടേറിയറ്റ് യോഗം ചേരുന്നുണ്ടെങ്കിലും മുഖ്യമന്ത്രി കൊച്ചിയിൽ ആയതിനാൽ തീരുമാനം ഉച്ചയ്ക്കു ശേഷമായിരിക്കും ഉണ്ടാവുക. കൊച്ചിയിൽ പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കുന്ന മുഖ്യമന്ത്രി ഉച്ചയ്ക്കു തിരിച്ചെത്തും.
ഗോവിന്ദന്റെ രാജിക്കാര്യത്തിൽ പാർട്ടി തീരുമാനമെന്നത് സാങ്കേതികത്വം മാത്രമാണ്. പുതിയ മന്ത്രിയുടെ കാര്യത്തിലാണ് പ്രധാന തീരുമാനമുണ്ടാകേണ്ടത്. മന്ത്രിസഭയിൽ കാര്യമായ അഴിച്ചുപണിയുണ്ടാകില്ലെന്ന് എറക്കുറെ ഉറപ്പാണ്. ഗോവിന്ദന് പകരം മറ്റൊരു മന്ത്രി എന്ന നിലയിൽ മന്ത്രിസഭയിലെ മാറ്റം ഒതുങ്ങുമെന്നാണ് റിപ്പോർട്ടുകൾ.
മുഖ്യമന്ത്രി അല്ലാതെ കണ്ണൂരിൽ വേറെ മന്ത്രിയില്ലാത്തതിനാൽ എഎൻ ഷംസീറിനെ മന്ത്രിസഭയിലേക്ക് പരിഗണിച്ചേക്കും. ഗോവിന്ദന്റെ വകുപ്പുകൾ അതേരീതിയിൽ പുതിയ മന്ത്രിക്ക് നൽകാനിടയില്ല. അതിനാൽ, മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമുണ്ടാകും. ഇതിലും സെക്രട്ടേറിയറ്റിൽ തീരുമാനമുണ്ടായേക്കും.
അനാരോഗ്യം മൂലം കോടിയേരിക്ക് ചുമതല നിർവഹിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് എം.വി.ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറിയായെത്തുന്നത്. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗം പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയൻ, പിബി അംഗങ്ങളായ എ.വിജയരാഘവൻ, എം.എ.ബേബി എന്നിവർ പങ്കെടുത്ത സംസ്ഥാന സമിതി യോഗമാണ് തീരുമാനമെടുത്തത്.