അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിന് നാളെ തുടക്കമാകും
ചിന്നക്കനാല്‍, ശാന്തന്‍പാറ പ്രദേശ്ങ്ങളില്‍ ജനങ്ങള്‍ക്ക് ശല്യമായിരുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം വെള്ളിയാഴ്ച ആരംഭിക്കും. പുലര്‍ച്ചെ നാലു മണിക്ക് ദൗത്യത്തിന് തുടക്കമാകും. ഇതിന് മുന്നോടിയായുള്ള മോക് ഡ്രില്‍ ഇന്ന് നടന്നു. ചിന്നക്കനാല്‍ ഫാത്തിമമാതാ ഹൈസ്കൂളില്‍ ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലായിരുന്നു മോക് ഡ്രില്‍ നടന്നത്. വനംവകുപ്പിനു പുറമേ, പോലീസ്, ഫയര്‍ഫോഴ്സ്, റവന്യൂ, ആരോഗ്യം, മോട്ടോര്‍ വാഹന വകുപ്പ്, കെഎസ്ഇബി എന്നിവയെ ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു മോക് ഡ്രില്‍.
ഈ വകുപ്പുകള്‍ ചെയ്യേണ്ട ജോലികളും നില്‍ക്കേണ്ട സ്ഥലവും വനംവകുപ്പ് നിര്‍ദേശിക്കും. വനം വകുപ്പിന്റെ എട്ടു സംഘങ്ങളാണ് മയക്കുവെടി വെക്കുന്നതിനായി നിയോഗിക്കപ്പെട്ടിരിക്കുന്നത്. ഇവര്‍ക്ക് നേരത്തേ തന്നെ നിര്‍ദേശങ്ങള്‍ നല്കിയിരിക്കുന്നതാണ്. മയക്കുവെടി വെക്കാനുപയോഗിക്കുന്ന തോക്ക് അടക്കമുള്ള ഉപകരണങ്ങള്‍ പരീക്ഷിച്ച് പ്രവര്‍ത്തനക്ഷമത ഉറപ്പു വരുത്തും. ദൗത്യത്തിനായി കൊണ്ടുവന്നിരിക്കുന്ന നാല് കുങ്കിയാനകളെയും മോക് ഡ്രില്ലില്‍ ഉപയോഗിച്ചു. ദേവികുളത്ത് നേരത്തേ തന്നെ വനംവകുപ്പ് സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നതാണ്.
അരിക്കൊമ്പനെ ധരിപ്പിക്കുന്നതിനായുള്ള റേഡിയോ കോളര്‍ എത്തിച്ചിട്ടുണ്ട്. മയക്കുവെടിയേറ്റ ആനയെ റേഡിയോ കോളര്‍ ധരിപ്പിക്കുന്നതിലും അനുയോജ്യമായ സ്ഥലത്തെത്തിച്ച് ലോറിയില്‍ കയറ്റുന്നതും അടക്കം മോക് ഡ്രില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇടുക്കിയില്‍ ശക്തമായി പെയ്യുന്ന മഴ തടസമാകുമോ എന്ന ആശങ്കയുണ്ട്. മഴ തുടര്‍ന്നാല്‍ ആനയെ മയക്കുവെടി വെക്കുന്ന സ്ഥലത്തേക്ക് വഴി വെട്ടി ലോറിയെത്തിക്കുന്ന കാര്യത്തില്‍ ബുദ്ധിമുട്ടുണ്ടാകും.
മയക്കുവെടി വെച്ച് പിടിക്കുന്ന ആനയെ എങ്ങോട്ടാണ് മാറ്റുന്നതെന്ന കാര്യം ഇപ്പോള്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ഇടുക്കി ജില്ലയില്‍ തന്നെയുള്ള പെരിയാര്‍ വന്യജീവി സങ്കേതം, കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രം തുടങ്ങിയ കേന്ദ്രങ്ങളാണ് ആനയെ മാറ്റിത്താമസിപ്പിക്കാന്‍ പരിഗണനയിലുള്ളതെന്നാണ് സൂചന.