തിരുവനന്തപുരം വെള്ളാനിക്കല്‍പാറയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ സദാചാര ആക്രമണം
തിരുവനന്തപുരം പോത്തന്‍കോട് വെള്ളാനിക്കല്‍പാറയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ നാട്ടുകാരുടെ സദാചാര ആക്രമണം. വിനോദസഞ്ചാരകേന്ദ്രമായ ഇവിടെയെ ആണ്‍കുട്ടികള്‍ക്കൊപ്പം എത്തിയ പെണ്‍കുട്ടികളെ നാട്ടുകാര്‍ ആക്രമിക്കുകയായിരുന്നു. നാട്ടുകാരിലൊരാള്‍ വടികൊണ്ട് പെണ്‍കുട്ടികളെ അടിച്ചു. നടുറോഡിലിട്ടായിരുന്നു മര്‍ദ്ദനം. സംഭവത്തിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്.
ഓണാവധിക്കിടെയാണ് സ്കൂള്‍ വിദ്യാര്‍ഥികളായ ഇവര്‍ വെള്ളാനിക്കല്‍പാറയില്‍ എത്തിയത്. ഈ പ്രദേശത്ത് കണ്ടുപോകരുതെന്ന് പറഞ്ഞ് നാട്ടുകാര്‍ ഇവരെ തടയുകയായിരുന്നു. സംഭവം കണ്ടെത്തിയ മറ്റൊരാളാണ് വീഡിയോ പകര്‍ത്തിയത്. എന്തിനാണ് കുട്ടികളെ മര്‍ദിച്ചതെന്ന് ചോദിച്ചപ്പോള്‍ താന്‍ പെണ്‍കുട്ടികളുടെ മുട്ടിന് താഴെയാണ് അടിച്ചതെന്നും താനൊന്നും പത്രം വായിക്കാറില്ലേ എന്നുമായിരുന്നു അക്രമിയുടെ മറുപടി. ദൃശ്യം പകര്‍ത്തിയ ആളോട് ഇയാള്‍ തട്ടിക്കയറുകയും ചെയ്തു.
സെപ്റ്റംബര്‍ നാലാം തീയതിയാണ് ഈ സംഭവമുണ്ടായതെന്നാണ് പോത്തന്‍കോട് പോലീസ് പറഞ്ഞു. ശ്രീനാരായണപുരം സ്വദേശി മനേഷ എന്നയാളാണ് കുട്ടികളെ ആക്രമിച്ചത്. ഇയാളെ അറസ്റ്റ് ചെയ്തിരുന്നുവെന്നും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചതായും പോലീസ് അറിയിച്ചു.