മുല്ലപ്പെരിയാറില് ജലനിരപ്പ് 141 അടി കടന്നു; രണ്ടാം മുന്നറിയിപ്പ് നല്കി തമിഴ്നാട്
മുല്ലപ്പെരിയാറില് ജലനിരപ്പ് 141 അടി കടന്നു. 141.05 അടിയാണ് രാവിലെ 7 മണിക്ക് രേഖപ്പെടുത്തിയത്. 142 അടിയാണ് സുപ്രീം കോടതി അനുവദിച്ച പരമാവധി ജലനിരപ്പ്. ഇതിന്റെ അടിസ്ഥാനത്തില് ഡാം തുറക്കുന്നതിനു മുന്നോടിയായി തമിഴ്നാട് രണ്ടാമത്തെ മുന്നറിയിപ്പ് നല്കി.
ഇടുക്കിയില് കാര്യമായ മഴയില്ലെങ്കിലും ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില് ശക്തമായ മഴ തുടരുന്നതിനാലാണ് ജലനിരപ്പ് ഉയര്ന്നുകൊണ്ടിരിക്കുന്നത്. ഉള്ക്കാട്ടില് വലിയ തോതില് മഴ പെയ്യുന്നതിനാല് നീരൊഴുക്ക് 4261 ക്യുസെക്സായി വര്ദ്ധിച്ചിട്ടുണ്ട്.
റൂള് കര്വ് നിലവിലില്ലാത്തതിനാല് പരമാവധി ജലനിരപ്പ് എത്തിയതിനു ശേഷം അധികജലം പുറത്തേക്കൊഴുക്കാനായിരിക്കും തമിഴ്നാട് ശ്രമിക്കുക. 140 അടിയില് എത്തിയപ്പോള് തന്നെ ആദ്യ മുന്നറിയിപ്പ് നല്കിയിരുന്നു. മഴ ശക്തമായി തുടരുകയാണെങ്കില് ഷട്ടറുകള് തുറന്ന് അധികജലം പുറത്തേക്ക് ഒഴുക്കുമെന്നാണ് തമിഴ്നാട് അറിയിച്ചിരിക്കുന്നത്.