നൂപുർ ശർമയെ ചോദ്യം ചെയ്യാൻ മുംബൈ പൊലീസ്; സുരക്ഷ ശക്തമാക്കി ഡൽഹി പൊലീസ്
ബി ജെ പി മുൻ വക്താവ് നൂപുർ ശർമക്ക് സുരക്ഷ ഏർപ്പെടുത്തി ഡൽഹി പൊലീസ്. ടെലിവിഷൻ ചർച്ചക്കിടെ പ്രവാചകനെ നിന്ദിച്ച് വിവാദത്തിലായ നൂപുർ ശർമക്ക് ഭീഷണി സന്ദേശം ലഭിച്ചതായി പരാതിയുണ്ട്. ഈ പരാതിയുടെ സാഹചര്യത്തിലാണ് ഡൽഹി പൊലീസ് സുരക്ഷ ഏർപ്പെടുത്തിയത്. ഇതിനിടെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് മുംബൈ പൊലീസ് നൂപുർ ശർമക്ക് നോട്ടീസ് നൽകി.
ചാനലിലെ ചർച്ചക്കിടെ പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ചുള്ള പരാമർശങ്ങൾക്ക് പിന്നാലെയാണ് വധഭീഷണിയുണ്ടെന്ന് നൂപുർ ശർമ ഡൽഹി പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുന്ന പൊലീസ് ട്വിറ്ററിന്റെ സഹായം തേടി നോട്ടീസ് അയച്ചു.
ചാനൽ സംവാദത്തിനിടെ നൂപുർ ശർമ നടത്തിയ പ്രവാചകനെ കുറിച്ചുള്ള പരാമർശം അന്തർദേശീയ തലത്തിൽ തന്നെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഗ്യാൻവാപി പള്ളി വിഷയത്തിലെ ചർച്ചക്കിടെയായിരുന്നു വിവാദ പരാമർശം. നൂപുർശർമയെയും നവീൻ കുമാർ ജിൻഡാലിനെയും ബി ജെ പി സസ്പെന്റ് ചെയ്തിരുന്നു. മുംബൈ പൊലീസും ഹൈദരാബാദ് പൊലീസും നൂപുർ ശർമക്കെതിരെ സമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്തിയതിനും മതവികാരം വ്രണപ്പെടുത്തിയതിനും കേസെടുത്തു.
Contnet Highlights – Nupur Sharma, Controversial Statment, About Prophet, BJP Activist