നാട്ടുവൈദ്യന് ഷാബാ ഷെരീഫിന്റെ കൊലപാതകം; ഭാര്യ ഫസ്ന അറസ്റ്റിൽ, ഗൂഢാലോചനയിൽ പങ്കെടുത്തതിന് തെളിവ്
മൈസൂരു സ്വദേശി നാട്ടുവൈദ്യന് ഷാബാ ഷെരീഫിന്റെ കൊലപാതകക്കേസില്‍ മുഖ്യപ്രതി ഷൈബിന് അഷറഫിന്റെ ഭാര്യ ഫസ്നയെ വയനാട് മേപ്പാടിയില്‍നിന്ന് അറസ്റ്റുചെയ്തു. നിലമ്പൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ പി.വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ അറസ്റ്റുചെയ്തത്. കൊലപാതകത്തിന്റെ തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന എന്നിവയില്‍ ഇവരുടെ പങ്ക് വ്യക്തമായതോടെയാണ് അറസ്റ്റെന്ന് പോലീസ് അറിയിച്ചു. നിലമ്പൂര്‍ സ്റ്റേഷനിലെത്തിച്ച് ഇവരുടെ മൊഴി രേഖപ്പെടുത്തി.
കേസില്‍ കൂടുതല്‍ പ്രതികള്‍ അറസ്റ്റിലായതോടെ കിട്ടിയ മൊഴികള്‍ പരിശോധിച്ചപ്പോഴാണ് ഫസ്നയുടെ പങ്ക് വ്യക്തമായതെന്ന് പോലീസ് പറഞ്ഞു. ഷാബാ ഷെരീഫിനെ മുക്കട്ടയിലെ വീട്ടില്‍ തടവില്‍ പാര്‍പ്പിച്ച സമയത്ത് ഫസ്നയും ഷൈബിന് അഷറഫും ഇവിടെ താമസിച്ചിരുന്നു. ഷാബാ ഷെരിഫിനെ വീട്ടിലെ മുറിയില്‍ തടവിലിട്ട് പീഡിപ്പിക്കുന്ന കാര്യം ഫസ്നയ്ക്ക് അറിയാമായിരുന്നു. പലതവണ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്തെങ്കിലും ഇതൊന്നും വെളിപ്പെടുത്തിയില്ല. ഭര്‍ത്താവിനെയും കൂട്ടുപ്രതികളെയും രക്ഷപ്പെടുത്താന്‍ ഇതെല്ലാം പോലീസില്‍നിന്ന് മറച്ചുവെച്ചു.
സംഭവസ്ഥലത്തെ തെളിവുകളും നശിപ്പിച്ചു. പിടിയിലാകുമെന്ന് മനസ്സിലാക്കിയതോടെ ഒളിവില്‍പോവുകയും മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയുമാണ് ഉണ്ടായത്. പോലീസ് പിന്തുടരുന്ന വിവരം മനസ്സിലാക്കി എറണാകുളത്തുനിന്ന് വയനാട്ടിലേക്കുപോയി. അറസ്റ്റ് ഒഴിവാക്കാന്‍ അഭിഭാഷകന്റെ നിര്‍ദ്ദേശമനുസരിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. പോലീസ് എത്തി എന്ന് മനസ്സിലാക്കിയ ഫസ്ന ആശുപത്രിയില്‍നിന്ന് ഡിസ്ചാർജ് ചെയ്ത് പോയ ശേഷം ഒളിവില്‍പോകാന്‍ ശ്രമിച്ചു. ഇതിനിടയിലാണ് പിടിയിലായതെന്നും പോലീസ് പറഞ്ഞു.
മുക്കട്ടയിലെ വീട്ടില്‍ ഒന്നേകാല്‍ വര്‍ഷം ചങ്ങലക്കിട്ട് തടവില്‍ പാര്‍പ്പിച്ച ശേഷം ഷാബാ ഷെരീബിനെ കൊലപ്പെടുത്തി വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറുകളിലാക്കി ചാലിയാര്‍ പുഴയുടെ എടവണ്ണ സീതിഹാജി പാലത്തിന് സമീപം തള്ളിയെന്നാണ് കേസ്.
Content Highlights: Murder of traditional healer accused wife arrest