ദിവസം 90,000 പേര്‍ക്ക് മാത്രം അനുമതി; ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ നടപടി
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ നടപടികള്‍. ദിവസം 90,000 പേര്‍ക്ക് മാത്രമേ ദര്‍ശനം അനുവദിക്കൂ. തീര്‍ത്ഥാടകര്‍ക്ക് തൃപ്തികരമായ വിധത്തില്‍ ദര്‍ശനം ഉറപ്പാക്കുന്നതിനാണ് ഇതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനം ഉണ്ടായത്. ദര്‍ശന സമയം ഒരു മണിക്കൂര്‍ നീട്ടിയതായും അദ്ദേഹം വ്യക്തമാക്കി.
ഇതോടെ ഒരു ദിവസം 19 മണിക്കൂര്‍ ദര്‍ശനത്തിനായി നടതുറക്കാന്‍ സാധിക്കും. പുലര്‍ച്ചെ മൂന്ന് മണിക്ക് നട തുറന്നാല്‍ പകല്‍ 1.30ന് നട അടയ്ക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് തുറന്ന് രാത്രി 11.30ന് നട അടയ്ക്കുന്ന വിധത്തിലാണ് ക്രമീകരണങ്ങള്‍ വരുത്തിയിരിക്കുന്നത്.
രാത്രി 11.30ന് ശേഷവും പതിനെട്ടാം പടി കയറാം. നടയടച്ച ശേഷം പടി കയറുന്നവര്‍ക്ക് പുലര്‍ച്ചെ ദര്‍ശനസൗകര്യം ഒരുക്കും. പതിനെട്ടാംപടിയില്‍ പരിശീലനം ലഭിച്ച പോലീസുകാരെ നിയോഗിക്കും. ശരംകുത്തിമുതല്‍ നടപ്പന്തല്‍ വരെ ഭക്തര്‍ക്ക് വെള്ളവും ബിസ്കറ്റും നല്‍കും. നിലക്കലില്‍ പാര്‍ക്കിങ്ങിനായി കൂടുതല്‍ സൗകര്യം ഒരുക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.