ഇന്ധന സെസ് കുറയ്ക്കില്ല; ബജറ്റ് നിര്‍ദേശങ്ങളില്‍ മാറ്റമുണ്ടാകില്ലെന്ന് ധനമന്ത്രി നിയമസഭയില്‍
ബജറ്റ് നിര്‍ദേശങ്ങളില്‍ മാറ്റമുണ്ടാകില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍. ബജറ്റ് ചര്‍ച്ചയുടെ മറുപടി പ്രസംഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ധന സെസ് കുറയ്ക്കില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. സമരം കിടന്ന് നികുതി കുറപ്പിച്ചെന്നു വരുത്താന്‍ പ്രതിപക്ഷം ശ്രമിച്ചുവെന്നും മന്ത്രി പറഞ്ഞു.
നികുതി വര്‍ധനവില്ലാതെ സംസ്ഥാനത്തിനു മുന്നോട്ടു പോകാനാകില്ല. 60 ലക്ഷത്തിലധികം കുടുബങ്ങളുടെ സുരക്ഷയ്ക്കും കേരളത്തിന്റെ മുന്നോട്ടുപോക്കിനും നികുതി പരിഷ്കരണങ്ങള്‍ ആവശ്യമാണ്. 1970ല്‍ ഏര്‍പ്പെടുത്തിയ നികുതിയാണ് പഞ്ചായത്തുകളില്‍ വാങ്ങിക്കുന്നത്. ഇന്ത്യയിലെ തന്നെ കുറഞ്ഞ നികുതിയാണിത്. ബജറ്റില്‍ നികുതി വര്‍ധിപ്പിച്ചതിന്റെ ഗുണം പഞ്ചായത്തുകള്‍ക്കാണു ലഭിക്കുന്നത്. മോട്ടര്‍ വാഹന നികുതി പരിഷ്കരിച്ചതു മറ്റു സംസ്ഥാനങ്ങളിലെ നികുതി കണക്കിലെടുത്താണ്.
മദ്യത്തിനു രണ്ടു വര്‍ഷമായി നികുതി കൂട്ടിയിട്ടില്ല. 500 രൂപയ്ക്കു താഴെയുള്ള മദ്യമാണു സംസ്ഥാനത്തു കൂടുതലും വില്‍ക്കുന്നത്. അതിനു വില കൂട്ടിയിട്ടില്ല. 1000 രൂപയ്ക്കു മുകളിലുള്ള മദ്യത്തിനാണ് കുപ്പിക്ക് 40 രൂപ കൂടിയത്. 7500 കോടിരൂപയാണ് ഇന്ധന സെസിലൂടെയും സര്‍ചാര്‍ജിലൂടെയും കേന്ദ്രം പിരിക്കുന്നത്. 20 രൂപയാണ് ഒരു ലീറ്റര്‍ ഇന്ധനത്തിനു കേന്ദ്രം ഈടാക്കുന്നത്. സാമൂഹിക സുരക്ഷയ്ക്കായാണ് ഇന്ധന സെസ് ഇനത്തില്‍ രണ്ടു രൂപ വര്‍ധിപ്പിച്ചതെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.