പള്ളിയോടങ്ങൾക്ക് സുരക്ഷാ നിര്‍ദേശങ്ങൾ; 18 വയസിന് താഴെയുള്ളവരെ കയറ്റരുത്, നീന്തലും തുഴച്ചിലും അറിഞ്ഞിരിക്കണം
ആറന്മുള ഉതൃട്ടാതി വള്ളംകളിക്കു പുറപ്പെടാൻ തുടങ്ങവേ ചെന്നിത്തല പള്ളിയോടം മറിഞ്ഞ് രണ്ടുപേര്‍ മരിച്ച സാഹചര്യത്തില്‍ പള്ളിയോടങ്ങളില്‍ സുരക്ഷയ്ക്ക് നിര്‍ദേശങ്ങൾ പുറത്തിറക്കി. ജലോത്സവത്തില്‍ പങ്കെടുക്കുന്ന പള്ളിയോടങ്ങളില്‍ അനുവദനീയമായതില്‍ കൂടുതല്‍ ആളുകളെ കയറ്റരുത്. 18 വയസിന് താഴെയുള്ളവരേയും കയറ്റരുതെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
ചെന്നിത്തല പള്ളിയോടം മറിഞ്ഞാണ് ഇന്ന് രണ്ടുപേരാണ് മരിച്ചത്. മാവേലിക്കര വലിയപെരുമ്പുഴ കടവില്‍ രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്. അപകടത്തില്‍ മരിച്ച രണ്ടുപേരില്‍ ഒരാള്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ്.ചെന്നിത്തല സ്വദേശി പ്ലസ് ടു വിദ്യാർഥി ആദിത്യനും ചെറുകോൽ സ്വദേശി വിനീഷു(40)മാണ് മരിച്ചത്. പള്ളിയോടം മറിഞ്ഞ് കാണാതായ ഒരാൾക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്.
ഈ പശ്ചാത്തലത്തിലാണ് പള്ളിയോടങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. പള്ളിയോടങ്ങളിലും വള്ളങ്ങളിലും പോകുന്നവര്‍ക്ക് നീന്തലും തുഴച്ചിലും അറിഞ്ഞിരിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. പള്ളിയോടങ്ങള്‍ക്കൊപ്പം സുരക്ഷാ ബോട്ട് സഞ്ചരിക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കി.