ഓണസദ്യ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞ സംഭവം; ജീവനക്കാര്‍ കുറ്റക്കാരെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: ജോലി ഒഴിവാക്കി ഓണം ആഘോഷിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഓണസദ്യ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തില്‍ ജീവനക്കാര്‍ കുറ്റക്കാരെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ചാലാ സര്‍ക്കിളിലെ 8 താത്കാലിക ശുചീകരണ തൊഴിലാളികളാണ് ഓണസദ്യ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചത്. ചാല സര്‍ക്കിള്‍ എച്ച്.ഐ. തിങ്കളാഴ്ച ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ക്ക് കൈമാറും.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ പ്രധാന ഓഫീസില്‍ വെള്ളിയാഴ്ചയും സോണല്‍ ഓഫീസുകളില്‍ ശനിയാഴ്ചയും ആയിരുന്നു ഓണാഘോഷം. ഓഫീസ് പ്രവര്‍ത്തനത്തെ ബാധിക്കാത്ത തരത്തില്‍ വേണം ആഘോഷിക്കാനെന്ന് സെക്രട്ടറിയുടെ നിര്‍ദേശമുണ്ടായിരുന്നു. അതിനാല്‍ തൊഴിലാളികള്‍ രാവിലെ ആഘോഷം തുടങ്ങാന്‍ ശ്രമിച്ചപ്പോള്‍ ജോലി കഴിഞ്ഞ് മതിയെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിര്‍ദേശിച്ചു. ഇതാണ് ജീവനക്കാരെ ചൊടിപ്പിച്ചത്.
സദ്യ എയറോബിക് ബിന്നിലേക്ക് കളയുന്നതിന്റെ ദൃശ്യം പ്രചരിച്ചതോടെ ജീവനക്കാര്‍ക്കെതിരേ കടുത്ത പ്രതിഷേധമുണ്ടായി. സംഭവം ശ്രദ്ധയില്‍പ്പെട്ട ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. അച്ചടക്ക നടപടിയുടെ ഭാഗമായി ചാല ഹെല്‍ത്ത് സര്‍ക്കിളിലേക്കു മാറിയെത്തിയയാളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. നിര്‍ദേശങ്ങള്‍ ലംഘിച്ച് ആഘോഷം നടത്താന്‍ ശ്രമിച്ചത് അംഗീകരിക്കാനാകില്ലെന്നും ആഹാരം കളഞ്ഞത് വലിയ തെറ്റാണെന്നും സെക്രട്ടറി പറഞ്ഞു.