ഇന്ത്യയിലെത്തിച്ച ചീറ്റകളില്‍ ഒന്ന് ഗര്‍ഭിണിയെന്ന് സൂചന; പ്രത്യേക ശ്രദ്ധ ഏര്‍പ്പെടുത്തി
ഇന്ത്യയില്‍ എത്തിച്ച ചീറ്റപ്പുലികളില്‍ ഒന്ന് ഗര്‍ഭിണിയെന്ന് സൂചന. പ്രധാനമന്ത്രി ആശ എന്ന് പേരിട്ട ചീറ്റയാണ് ഗര്‍ഭിണിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. കുനോ ദേശീയോദ്യാനത്തില്‍ പാര്‍പ്പിച്ചിരിക്കുന്ന ഈ ചീറ്റയ്ക്ക് ഇപ്പോള്‍ പ്രത്യേക ശ്രദ്ധയാണ് നല്കി വരുന്നത്. ഗര്‍ഭിണിയാണോ എന്ന കാര്യത്തില്‍ ഈ മാസം അവസാനത്തോടെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകും.
നമീബിയയില്‍ നിന്നും എത്തിച്ച എട്ട് ചീറ്റപ്പുലികളെയാണ് കുനോ ദേശീയോദ്യാനത്തില്‍ സെപ്റ്റംബര്‍ 17ന് തുറന്നുവിട്ടത്. അഞ്ച് ആണ് ചീറ്റപ്പുലികളും മൂന്ന് പെണ് ചീറ്റപ്പുലികളുമാണ് എത്തിച്ചവയിലുള്ളത്. 1947 ലാണ് ഇന്ത്യയില്‍ ഉണ്ടായിരുന്ന അവസാന ചീറ്റപ്പുലി ചത്തത്. 1952 ല്‍ ഇന്ത്യയില്‍ ചീറ്റപ്പുലി വര്‍ഗത്തിന് വംശനാശം വന്നതായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.