അദാനി വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയോ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലുള്ള സമിതിയോ അന്വേഷിക്കണം; പ്രതിപക്ഷം
അദാനി ഗ്രൂപ്പിന്റെ മൂല്യം ഇടിഞ്ഞുകൊണ്ടിരിക്കുന്ന സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷം. പാര്‍ലമെന്ററി സമിതിയോ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലുള്ള സമിതിയോ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പൊതുതാല്പര്യം മുന്‍നിര്‍ത്തിയാണ് ഇതെന്നും അന്വേഷണത്തിന്റെ പ്രതിദിന റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്നും രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗേ ആവശ്യപ്പെട്ടു.
അദാനി വിഷയം ഇരുസഭകളും നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷകക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും അനുമതി ലഭിച്ചില്ല. തുടര്‍ന്ന് പ്രതിപക്ഷം ബഹളം വെക്കുകയും ഇരു സഭകളും നിര്‍ത്തി വെക്കുകയും ചെയ്തിരുന്നു. നിര്‍ബന്ധിച്ച് നിക്ഷേപം നടത്തിച്ചതുമൂലം എല്‍.ഐ.സി., എസ്.ബി.ഐ. തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് നഷ്ടമുണ്ടായിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
അദാനി ഗ്രൂപ്പില്‍ പൊതുമേഖലാ ബാങ്കുകളും സ്ഥാപനങ്ങളും അദാനിക്ക് പണം നല്കിയിരിക്കുന്നതിനാല് പൊതുജനങ്ങള്‍ പരിഭ്രാന്തിയിലാണെന്ന് സമാജ് വാദി പാര്‍ട്ടി പറഞ്ഞു. നിക്ഷേപം നടത്തിയ പൊതുമേഖലാ സ്ഥാപനങ്ങളോട് ആര്‍ബിഐ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്.