ധോണിയെ വിറപ്പിച്ച പി ടി 7 ആന പിടിയില്‍; ഫോറസ്റ്റ് ഓഫീസിലെ കൂട്ടില്‍ അടച്ചു
ധോണിയില്‍ വലിയ കൃഷിനാശം ഉണ്ടാക്കുകയും ഭീതി വിതയ്ക്കുകയും ചെയ്ത പാലക്കാട് ടസ്കര്‍ 7 (പി ടി 7) എന്ന ആനയെ കൂട്ടിലടച്ചു. മുണ്ടൂരിനും ധോണിക്കും ഇടയ്ക്കുള്ള വനാതിര്‍ത്തിക്ക് അടുത്തുവെച്ചാണ് ആനയെ മയക്കുവെടി വെച്ച് പിടിച്ച് ധോണിയിലെ ഫോറസ്റ്റ് സ്റ്റേഷന് അടുത്തുള്ള കൂട്ടില്‍ അടച്ചത്. കാട്ടിനുള്ളില്‍ വെച്ച് മയക്കുവെടിയേറ്റ ആന 45 മിനിറ്റിനു ശേഷമാണ് മയങ്ങിയത്. പിന്നീട് കുങ്കിയാനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റുകയായിരുന്നു.
ആദ്യം ഒരു കുങ്കിയാനയുടെ സഹായത്തോടെ ലോറിയില്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് രണ്ട് കുങ്കിയാനകളെ ഉപയോഗിച്ച് ലോറിയിലേക്ക് കയറ്റുകയായിരുന്നു. മയക്കുവെടിയേറ്റ ആനയുടെ കാലുകളില്‍ വടം കെട്ടുകയും കറുത്ത തുണികൊണ്ട് കണ്ണുകള്‍ മൂടുകയും ചെയ്തിരുന്നു. മുത്തങ്ങയില്‍ നിന്നെത്തിച്ച വിക്രം, ഭരതന്, സുരേന്ദ്രന് എന്നീ കുങ്കിയാനകളുടെ സഹായത്തോടെയായിരുന്നു ലോറിയില്‍ കയറ്റിയത്.
രാവിലെ 7.10നും 7.15നും ഇടയിലാണ് ആനയ്ക്ക് മയക്കുവെടിയേറ്റത്. ചീഫ് ഫോറസ്റ്റ് വെറ്റിനറി സര്ജന് അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള 75 അംഗ സംഘമാണ് ദൗത്യത്തിന് പിന്നില്‍. കഴിഞ്ഞ ഏഴുമാസമായി പാലക്കാട് ധോണി നിവാസികളുടെ പേടി സ്വപ്നമായിരുന്നു പി.ടി. 7.