പേവിഷബാധയേറ്റുള്ള മരണം; കാരണം മുറിവിന്റെ ആഴമെന്ന് പാലക്കാട് ഡിഎംഒ
പാലക്കാട് പേവിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചതിനു കാരണം മുറിവിന്റെ ആഴം കൂടിയതായിരിക്കാമെന്ന് പാലക്കാട് ഡിഎംഒ. നാല് വാക്സിനുകളും സിറം ചികിത്സയും സ്വീകരിച്ചതിനു ശേഷവും പേവിഷബാധയേറ്റ് മരണമുണ്ടായതിനെത്തുടര്ന്ന് സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. വാക്സിന് എടുത്തതിലോ വാക്സിന്റെ ഗുണനിലവാരത്തിലോ പോരായ്മ ഉണ്ടായിട്ടില്ല. എന്നാല്‍ കടിച്ച നായയ്ക്ക് വാക്സിന് നല്‍കിയിട്ടില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.
ആരോഗ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം റാപ്പിഡ് റെസ്പോണ്‍സ് ടീം രൂപീകരിച്ചാണ് അന്വേഷണം നടക്കുന്നത്. മരിച്ച ശ്രീലക്ഷ്മിക്ക് നാല് വാക്സിനുകളും നല്‍കിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. വാക്സിന് സ്വീകരിച്ചാലും അപൂര്‍വമായി ചിലരില്‍ പേവിഷബാധയുണ്ടാകാമെന്ന് ചില ആരോഗ്യവിദഗ്ദ്ധരും അഭിപ്രായപ്പെടുന്നുണ്ട്. എല്ലാ വശങ്ങളും റാപ്പിഡ് റെസ്പോണ്‍സ് ടീം വിശദമായി അന്വേഷിക്കുമെന്ന് ഡിഎംഒ വ്യക്തമാക്കി.
പാലക്കാട് മങ്കര സ്വദേശിനി ശ്രീലക്ഷ്മി (19) ആണ് പേവിഷബാധയേറ്റ് ചികിത്സയിലിരിക്കെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വ്യാഴാഴ്ച മരിച്ചത്. മെയ് 30ന് കോളേജില്‍ പോകുമ്പോഴാണ് ശ്രീലക്ഷ്മിയെ അയല്‍വീട്ടിലെ നായ കടിച്ചത്. വാക്സിന് എടുത്ത ശേഷം കോളേജില്‍ പോയിരുന്ന ശ്രീലക്ഷ്മിക്ക് പിന്നീട് പനി ബാധിച്ചു. വീട്ടിലെത്തി വെള്ളം കുടിച്ചതോടെ പേവിഷബാധയാണെന്ന് തിരിച്ചറിയുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
Content Highlights: Rabies, Death, Palakkad, Dog Bite