പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ തനിയെ തുറന്നു; ചാലക്കുടി പുഴയോരത്ത് ജാഗ്രതാ നിർദേശം
സാങ്കേതികത്തകരാറിനെത്തുടര്‍ന്ന് പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ തനിയെ തുറന്നു. ബുധനാഴ്ച പുലര്‍ച്ചെയാണ് മൂന്നുഷട്ടറുകളിലൊന്ന് തനിയെ തുറന്നത്. സെക്കന്‍ഡില്‍ 20,000 വരെ ക്യുസെക്സ് വെള്ളം പുറത്തേക്ക് ഒഴുകുകയാണ്. മൂന്ന് ഷട്ടറുകളും 10സെന്റിമീറ്റർ വീതം ഉയർത്തി വച്ചിരിക്കുകയാണ്. പെരിങ്ങൽകുത്തിലേക്ക് 20000 ഘനയടി വെള്ളം ഒഴുകി എത്തുന്നുണ്ട്. ഇതോടെ ചാലക്കുടി പുഴയിൽ കനത്ത ജാഗ്രത നിർദേശം പുറപ്പെടുവിച്ചു .
അതേസമയം ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു . ജാഗ്രത മാത്രം മതിയെന്ന് എം എൽ എ അറിയിച്ചു. അഞ്ചുമണിക്കൂര്‍കൊണ്ട് വെള്ളം ജനവാസമേഖലകളിലേക്ക് എത്തുമെന്നാണ് സൂചന. ചാലക്കുടി പുഴയിലെ ജലനിരപ്പ് 4.5 മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്. പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. പുഴയില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങരുതെന്നും നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.