പാറശ്ശാലയിലെ ഷാരോണിന്റെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച് പെണ് സുഹൃത്ത് ഗ്രീഷ്മ
പാറശ്ശാലയിലെ ഷാരോണിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം. കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയതായി പെണ് സുഹൃത്ത് ഗ്രീഷ്മ ചോദ്യംചെയ്യലില്‍ സമ്മതിച്ചു. പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. കഷായത്തില്‍ കോപ്പര്‍ സള്‍ഫേറ്റ് (തുരിശ്) കലര്‍ത്തിയതായാണ് ഗ്രീഷ്മ സമ്മതിച്ചത്. എസ്പി ഓഫീസില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് ഗ്രീഷ്മ കുറ്റം സമ്മതിച്ചത്. രാവിലെ 10 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ 8 മണിക്കൂറുകളോളം നീണ്ടു.
ഒക്ടോബര്‍ 14-ാം തീയതി പെണ്‍സുഹൃത്തിന്റെ വീട്ടില്‍നിന്ന് കഷായവും ജ്യൂസും കുടിച്ചതിന് പിന്നാലെ ഷാരോണിന് ഛര്ദിയുണ്ടാകുകയും അസ്വസ്ഥതകളുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഷാരോണ്‍ മരിക്കുകയുമായിരുന്നു. വായില്‍ അടക്കം പൊള്ളലുണ്ടാകുകയും അവയവങ്ങള്‍ ഓരോന്നായി പ്രവര്‍ത്തനം നിലച്ച് മരണം സംഭവിക്കുകയുമായിരുന്നു. ഒക്ടോബര്‍ 25നാണ് ഷാരോണ്‍ മരിച്ചത്.
ഗ്രീഷ്മയും കുടുംബാംഗങ്ങളും ചേര്‍ന്ന് ഷാരോണിനെ വിഷം നല്കി കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കള്‍ ആരോപിച്ചത്. ഇരുപത്തിരണ്ടുകാരിയായ ഗ്രീഷ്മ എംഎ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചതിനെത്തുടര്‍ന്ന് ഷാരോണിനെ ഒഴിവാക്കുന്നതിനായാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു.