പാകിസ്താൻ മുൻ പ്രസിഡണ്ട് പർവേശ് മുഷാറഫ് അതീവ ഗുരുതരാവസ്ഥയിൽ
പാകിസ്താൻ മുൻ പ്രസിഡണ്ടും പട്ടാള മേധാവിയുമായിരുന്നു പർവേശ് മുഷ്റാഫ് അതീവ ഗുരുതരാവസ്ഥയിൽ. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്നാണ് വിവരം. മുഷാറഫ് മരിച്ചുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നുവെങ്കിലും മകൻ ബിലാൽ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു. കടുത്ത ആരോഗ്യ പ്രശ്നങ്ങളാൽ വലയുന്ന മുഷാറഫ് ദുബൈയിലെ ആശുപത്രിയിലെ വെന്റിലേറ്ററിലാണെന്നാണ് മകൻ നൽകുന്ന വിശദീകരണം.
കാർഗിൽ മേഖല കൈയ്യേറ്റം നടത്തിയത് മുഷാറഫ് സൈനിക മേധാവിയായിരുന്ന കാലത്താണ്. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നവാസ് ശെരീഫിനെ പുറത്താക്കിയാണ് പട്ടാളമേധാവിയായി പർവേശ് മുഷാറഫ് അധികാരം കയ്യേറിയത്. രണ്ട് വർഷത്തിന് ശേഷം അദ്ദേഹം പാകിസ്താൻ പ്രസിഡണ്ടായി. 2008 ൽ രാഷ്ട്രീയ വിവാദങ്ങളെ തുടർന്ന് ഇംപീച്മെന്റ് നടപടികൾ നേരിടേണ്ടി വരുമെന്ന സാഹചര്യത്തിലാണ് അധികാരം ഒഴിഞ്ഞ് വിദേശത്തേക്ക് താമസം മാറിയത്.
ബേനസീർ ഭൂട്ടോയുടെ മരണത്തിനു പിന്നിൽ മുഷാറഫിന്റെ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്ന ആക്ഷേപം ശക്തമാണ്. രാജ്യദ്രോഹക്കുറ്റം ഉൾപ്പെടെ നിരവധി കേസുകളാണ് മുഷാറഫ് നേരിടുന്നത്. ന്യൂറോ സംബന്ധമായ അസുഖത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
content highlights: Parvez Musharraf hospitalized