പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്ഷന് പ്രായം ഉയര്‍ത്താനുള്ള തീരുമാനം മരവിപ്പിച്ചു

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്ഷന് പ്രായം 60 വയസാക്കി ഉയര്‍ത്താനുള്ള തീരുമാനം മരവിപ്പിച്ചു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഡിവൈഎഫ്ഐ, എഐവൈഎഫ് തുടങ്ങിയ ഇടതു യുവജന സംഘടനകള്‍ എതിര്‍പ്പ് അറിയിച്ച സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പിന്മാറ്റം.
ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണ് ഉത്തരവ് ഭാഗികമായി പിന്‍വലിക്കാനുള്ള നിര്‍ദേശം വെച്ചത്. തുടര്‍ നടപടികള്‍ പിന്നീട് തീരുമാനിക്കുമെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ അറിയിച്ചു കൊണ്ടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റില്‍ മുഖ്യമന്ത്രി അറിയിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പൊതു ചട്ടക്കൂടുണ്ടാക്കുന്നത് സംബന്ധിച്ച സമിതിയുടെ ശുപാര്‍ശ പരിഗണിച്ചുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ പെന്ഷന് പ്രായം വര്‍ധിപ്പിച്ച് കഴിഞ്ഞ ദിവസം വിശദമായ ഉത്തരവിറക്കിയത്. സര്‍ക്കാരിന്റെ നയത്തിന് എതിരാണ് പെന്ഷന് പ്രായം വര്‍ധിപ്പിക്കാനുള്ള തീരുമാനമെന്ന വിമര്‍ശനവും എല്‍ഡിഎഫില്‍ തന്നെ ഉയര്‍ന്നിരുന്നു.