ഏലക്കയില്‍ ഗുരുതര വിഷാംശമുള്ള കീടനാശിനി; അരവണയുടെ വിതരണം തടഞ്ഞ് ഹൈക്കോടതി
അരവണപ്പായസത്തിന്റെ നിര്‍മാണത്തിന് ഉപയോഗിച്ച ഏലയ്ക്കയില്‍ ഗുരുതര വിഷാംശമുള്ള കീടനാശിനിയുടെ അംശം കണ്ടെത്തി. ഇതേത്തുടര്‍ന്ന് സന്നിധാനത്ത് അരവണയുടെ വിതരണം ഹൈക്കോടതി തടഞ്ഞു. നിലവില്‍ സ്റ്റോക്കുള്ള അരവണ സീല്‍ ചെയ്യാനും അക്കാര്യം ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ഉറപ്പു വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. ഏലക്കയില്ലാതെ അരവണ ഉണ്ടാക്കി വിതരണം ചെയ്യാമെന്നും കോടതി പറഞ്ഞു.
ഏലക്കയില്‍ കീടനാശിനിയുടെ സാന്നിധ്യമുണ്ടെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ ഹൈക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലാണ് വ്യക്തമാക്കിയത്. കന്ദ്ര ഭക്ഷ്യസുരക്ഷാ ലാബില്‍ പരിശോധിച്ച ഏലക്കയില്‍ ഗുരുതരമായ അളവില്‍ കീടനാശിനിയുടെ അംശമുള്ളതായി കണ്ടെത്തിയിരുന്നു. അനുവദനീയമായതിലും കൂടിയ അളവില്‍ പതിനാലിനം കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തി.
ഭക്ഷ്യയോഗ്യമല്ലാത്ത ഈ ഏലക്ക ഉപയോഗിച്ച് അരവണ ഉണ്ടാക്കുന്നുണ്ടോ എന്നും എത്ര അരവണ സ്റ്റോക്കുണ്ടെന്നും കോടതി നേരത്തേ ചോദിച്ചിരുന്നു. ആറു ലക്ഷത്തോളം ടിന് അരവണ ശബരിമലയില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് ഇതിന് മറുപടി അറിയിച്ചു. തുടര്‍ന്ന് ഇവ ഇനി വിതരണം ചെയ്യരുതെന്ന് കോടതി ഉത്തരവിടുകയായിരുന്നു.