പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ നിയമപരമായി നേരിടുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താര്‍; തൊട്ടുപിന്നാലെ കസ്റ്റഡിയില്‍
പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ നിയമപരമായി നേരിടുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന എ. അബ്ദുല്‍ സത്താര്‍. കൊല്ലം കരുനാഗപ്പള്ളി കാരുണ്യ സെന്ററില്‍ മാധ്യമങ്ങളോടാണ് അബ്ദുള്‍ സത്താര്‍ ഇക്കാര്യം അറിയിച്ചത്. നിയമനടപടികള്‍ സ്വീകരിക്കാനായി ഉടന്‍ തന്നെ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തുമെന്നും സത്താര്‍ പറഞ്ഞെങ്കിലും തൊട്ടുപിന്നാലെ അബ്ദുള്‍ സത്താര്‍ അറസ്റ്റിലായി. അധികൃതര്‍ നടത്തിയ റെയ്ഡില്‍ പൂര്‍ണ്ണമായി സഹകരിച്ചെന്നും അബ്ദുല്‍ സത്താര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കേരള പോലീസും എന്‍ഐഎയും അടങ്ങിയ സംഘമാണ് സത്താറിനെ അറസ്റ്റ് ചെയ്തത്. ജില്ലക്ക് പുറത്തായിരുന്ന സത്താര്‍ ഇന്ന് രാവിലെയാണ് കാരുണ്യ സെന്ററില്‍ മടങ്ങിയെത്തിയത്. നേതാക്കളെ എന്‍ഐഎ അറസ്റ്റ് ചെയ്തതിനു പിന്നാലെ അബ്ദുള്‍ സത്താര്‍ അടക്കമുള്ള നേതാക്കളാണ് സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
തീവ്രവാദ ഫണ്ടിംഗുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. സംഘടനയെ നിരോധിക്കണമെന്ന ആവശ്യം പല സംസ്ഥാനങ്ങളും ഉന്നയിച്ചിരുന്നുവെന്നും അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ തീരുമാനമെന്നുമാണ് റിപ്പോര്‍ട്ട്.