പോപ്പുലര്‍ ഫ്രണ്ട് നിരോധനം; നടപടികള്‍ നിയമപ്രകാരമാകണമെന്ന് മുഖ്യമന്ത്രി
പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന്റെ നടപടിക്രമങ്ങള്‍ നിയമപ്രകാരമാകണമെന്ന് മുഖ്യമന്ത്രി. ഇക്കാര്യത്തില്‍ അനാവശ്യ തിടുക്കവും വീഴ്ചയും ഉണ്ടാകരുതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. കളക്ടര്‍മാരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. സംഘടനയില്‍ പ്രവര്‍ത്തിച്ചവരെ തുടര്‍ച്ചയായി നിരീക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്.
വ്യാഴാഴ്ച രാവിലെയാണ് കേന്ദ്ര വിജ്ഞാപനത്തില്‍ തുടര്‍നടപടിക്കായുള്ള ഉത്തരവ് തന്നെ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയത്. ഇതിനുശേഷം ഡി.ജി.പിയുടെ സര്‍ക്കുലര്‍ കൂടി പുറത്തിറങ്ങിയാല്‍ മാത്രമേ പോലീസിന് നടപടികളിലേക്ക് കടക്കാന്‍ സാധിക്കൂ. പോലീസ് ആസ്ഥാനത്ത് നടക്കുന്ന ഉന്നതതല യോഗത്തിന് ശേഷമാകും ഇനിയുള്ള തുടര്‍നടപടികള്‍ സംബന്ധിച്ച തീരുമാനത്തിലേക്കെത്തുക. ഇതിനുശേഷം സര്‍ക്കുലര്‍ പുറത്തിറങ്ങുമെന്നാണ് സൂചന.