കാസര്കോട് പ്ലസ് വണ് വിദ്യാര്ത്ഥിയെ സീനിയര് വിദ്യാര്ത്ഥികള് റാഗ് ചെയ്തു; വീഡിയോ പുറത്ത്
കാസര്കോട് പ്ലസ് വണ് വിദ്യാര്ത്ഥിയെ ബസ് വെയിറ്റിംഗ് ഷെല്റ്ററില് വെച്ച് സീനിയര് വിദ്യാര്ത്ഥികള് റാഗ് ചെയ്തു. അംഗടിമുഗര് ഗവണ്മെന്റ് ഹയര് സെക്കന്ഡറി സ്കൂളിലെ പ്ലസ് വണ് വിദ്യാര്ത്ഥിയാണ് റാംഗിംഗിന് ഇരയായത്. ആള്ക്കൂട്ടത്തിനിടയില് വെച്ചായിരുന്നു സീനിയര് വിദ്യാര്ത്ഥികളുടെ പീഡനം. സ്കൂളില് നിന്ന് വൈകുന്നേരം വീട്ടിലേക്ക് പോകാന് ബസ് കാത്തു നില്ക്കുന്നതിനിടെ എത്തിയ സീനിയര് വിദ്യാര്ത്ഥികള് 16 കാരനായ വിദ്യാര്ത്ഥിയെ തടഞ്ഞു നിര്ത്തി റാഗ് ചെയ്യുന്നതിന്റെ വീഡിയോ സോഷ്യല് മീഡിയയില് പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ചൊവ്വാഴ്ച വൈകിട്ട് ബസ് സ്റ്റോപ്പില് ബസ് കാത്തു നിന്ന വിദ്യാര്ത്ഥിയെ പിന്തുടര്ന്നെത്തിയ സീനിയര് വിദ്യാര്ത്ഥികള് ഒരു വടി കയ്യില് കൊടുത്ത ശേഷം സാങ്കല്പികമായി ബൈക്ക് ഓടിക്കാന് ആവശ്യപ്പെടുകയായിരുന്നു. കൂട്ടത്തോടെയുള്ള ആക്രമണത്തില് വിദ്യാര്ത്ഥി പകച്ചു നില്ക്കുന്നത് വീഡിയോയില് കാണാം.
ആദ്യം സീനിയേഴ്സിനെ അനുസരിക്കാന് കുട്ടി വിസമ്മതിച്ചു. ഇതോടെ മുഖത്തടിക്കുമെന്ന് സീനിയര്മാര് ഭീഷണിപ്പെടുത്തി. പിന്നീട് ഭീഷണിക്കു വഴങ്ങി വിദ്യാര്ത്ഥി ബൈക്ക് ഓടിക്കുന്നതായി അഭിനയിച്ചു. മൊബൈല് ഫോണില് പകര്ത്തിയ ഈ സംഭവത്തിന്റെ വീഡിയോ പിന്നീട് സോഷ്യല് മീഡിയയില് എത്തുകയും വൈറലാകുകയുമായിരുന്നു. റാഗിംഗിനിരയായ കുട്ടിയുടെ അച്ഛന് നല്കിയ പരാതിയില് കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.