കെ കെ മഹേശന്റെ ആത്മഹത്യ; വെള്ളാപ്പള്ളി നടേശന് ഒന്നാം പ്രതി, ഗൂഢാലോചനയെന്ന് വെള്ളാപ്പള്ളി
കെ കെ മഹേശന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു. ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം മാരാരിക്കുളം പോലീസാണ് കേസെടുത്തത്. വെള്ളാപ്പള്ളിയുടെ മാനേജര്‍ കെ.എല്‍. അശോകന്, മകന് തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്.
മൈക്രോഫിനാന്‍സ് കേസില്‍ വെള്ളാപ്പള്ളി അടക്കമുള്ളവര്‍ മഹേശനെ പ്രതിയാക്കിയെന്നും ക്രൈംബ്രാഞ്ചിനെ സ്വാധീനിച്ച് നിരന്തരം ചോദ്യംചെയ്യിപ്പിച്ച് മഹേശനെ മാനസിക സമ്മര്‍ദ്ദത്തിലാക്കിയെന്നുമാണ് എഫ്.ഐ.ആറില്‍ പറയുന്നത്. മഹേശന്റെ ഭാര്യയുടെ പരാതിയിലാണ് കോടതി കേസെടുക്കാന്‍ നിര്‍ദേശിച്ചത്.
അതേസമയം തനിക്കെതിരെ നടന്നത് ഗൂഢാലോചനയാണെന്ന് വെള്ളാപ്പള്ളി നടേശന് പ്രതികരിച്ചു. കെ കെ മഹേശന്റെ മരണത്തില്‍ തനിക്ക് യാതൊരു പങ്കുമില്ല. സാമ്പത്തിക തട്ടിപ്പില്‍ പിടിക്കപ്പെട്ടപ്പോള്‍ നിലനില്പ്പില്ലാതെ മഹേശന് ആത്മഹത്യ ചെയ്തെന്ന് കണ്ടെത്തിയ കേസാണ് ഇത്. കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് അന്വേഷണത്തിന് ഇടക്കാല ഉത്തരവ് വാങ്ങിയതെന്നും വരാനിരിക്കുന്ന എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പില്‍ താനും മകനും മത്സരിക്കാതിരിക്കാന്‍ നല്കിയ കള്ളക്കേസാണ് ഇതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
2020 ജൂണ്‍ 24-നാണ് കണിച്ചുകുളങ്ങരയിലെ എസ്.എന്‍.ഡി.പി. യോഗം ഓഫീസില്‍ മഹേശനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഓഫീസില്‍നിന്ന് കണ്ടെടുത്ത മഹേശന്റെ ആത്മഹത്യാക്കുറിപ്പില്‍ വെള്ളാപ്പള്ളി അടക്കമുള്ളവര്‍ക്കെതിരേ പരാമര്‍ശമുണ്ടായിരുന്നു.