മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫ് ദുബായില്‍ അന്തരിച്ചു
പാകിസ്ഥാന് മുന്‍ പ്രസിഡന്റും സൈനിക മേധാവിയുമായിരുന്ന പര്‍വേസ് മുഷറഫ് അന്തരിച്ചു. 79 വയസായിരുന്നു. ഏറെക്കാലമായി ചികിത്സയിലായിരുന്ന മുഷറഫ് ദുബായിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ഹൃദയം, കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങളില്‍ അമിലോയ്ഡ് പ്രോട്ടീനുകള്‍ രൂപപ്പെടുന്ന അപൂര്‍വ രോഗമായ അമിലോയ്ഡോസിസ് ബാധിതനായിരുന്നു.
1998ല്‍ നവാസ് ഷെരീഫിന്റെ ഭരണകാലത്താണ് മുഷറഫ് സൈനിക മേധാവിയായി നിയമിതനായത്. ഇതിനു ശേഷമായിരുന്നു കാര്‍ഗില്‍ യുദ്ധം നടന്നത്. കാര്‍ഗില്‍ യുദ്ധം നവാസ് ഷെരീഫിന്റെ അറിവില്ലാതെ മുഷറഫ് ആസൂത്രണം ചെയ്തതാണെന്ന വിവരം പിന്നീട് പുറത്തു വന്നിരുന്നു. 1999 ഒക്ടോബറില്‍ നവാസ് ഷെരീഫിനെ പുറത്താക്കിയാണ് മുഷറഫ് അധികാരം പിടിച്ചെടുത്തത്. തുടര്‍ന്ന് ഭീകരവാദ പ്രോത്സാഹനക്കുറ്റം ചുമത്തി ഷെരീഫിനെ ജയിലിലാക്കി.
2001 മുതല്‍ 2008 വരെ പാകിസ്താന് പ്രസിഡന്റായി. 2007 ഡിസംബറില്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പിന്നീട് 2008ല്‍ ഇംപീച്ച്മെന്റ് നടപടികള്‍ ഒഴിവാക്കുന്നതിനായി സ്വയം സ്ഥാനമൊഴിയുകയായിരുന്നു. 2013ല്‍ മുഷറഫിനെതിരെ പാകിസ്ഥാന് ഭരണകൂടം രാജ്യദ്രോഹക്കുറ്റം ചുമത്തി. അറസ്റ്റ് ഒഴിവാക്കാന്‍ രാജ്യംവിട്ട മുഷറഫ് 2016 മുതല്‍ ദുബായിലാണ് കഴിയുന്നത്.