ഇറാഖില്‍ പാര്‍ലമെന്റ് മന്ദിരം കൈയ്യേറി പ്രതിഷേധക്കാര്‍
ഇറാഖില്‍ പാര്‍ലമെന്റ് മന്ദിരം കയ്യേറി പ്രക്ഷോഭകാരികള്‍. ഇറാന് അനുകൂല നേതാവിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയതിലാണ് പ്രതിഷേധം. ഷിയാ നേതാവ് മുഖ്തദ അല്‍ സദ്റിന്റെ അനുയായികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സൈന്യത്തിന്റെ പിന്തുണയോടെയാണ് പ്രക്ഷോഭം അരങ്ങേറുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടക്കത്തില്‍ കണ്ണീര്‍വാതക പ്രയോഗമൊക്കെ നടന്നെങ്കിലും അതീവ സുരക്ഷാ മേഖലയായ പാര്‍ലമെന്റിന് അകത്തേക്ക് പ്രതിഷേധക്കാര്‍ക്ക് പ്രവേശിക്കുന്നതിന് സൈന്യം വഴിയൊരുക്കിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നിലവിലെ പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദിമി പ്രതിഷേധക്കാരോട് പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. മേശകളിലും മറ്റും കയറി നൃത്തം വെക്കുകയും പാട്ടുകള്‍ പാടുകയും ചെയ്ത ജനക്കൂട്ടം അഭ്യര്‍ഥന വകവെച്ചില്ല. കഴിഞ്ഞ ഒക്ടോബറില്‍ പൊതു തിരഞ്ഞെടുപ്പില്‍ ഷിയാ നേതാവ് മുഖ്തദ അല്‍ സദറിന്റെ രാഷ്ട്രീയ സഖ്യമാണ് ഭൂരിപക്ഷം സീറ്റുകളില്‍ വിജയിച്ചത്. എന്നാല്‍ രാഷ്ട്രീയ അനിശ്ചിതത്വത്തെ തുടര്‍ന്ന് അധികാരമേല്‍ക്കാനായില്ല. ഇതേത്തുടര്‍ന്ന് ഒമ്പത് മാസമായി തുടരുന്ന അനിശ്ചിതത്വമാണ് പാര്‍ലമെന്റ് കയ്യേറുന്നതിലേക്ക് എത്തിയത്.
ഇറാന് അനുകൂലിയായ നേതാവ് മുഹമ്മദ് അല്‍ സുദാനിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഷിയാ നേതാക്കള്‍.
പ്രക്ഷോഭകാരികളോട് എത്രയും വേഗം പാര്‍ലമെന്റ് വിട്ടുപോകണമെന്ന് നിര്‍ദേശം നല്‍കിയെങ്കിലും ഇത് അംഗീകരിക്കാന്‍ അവര്‍ തയ്യാറായില്ല. പാര്‍ലമെന്റിന്റെ ഓരോ മുക്കിലും മൂലയിലും പ്രക്ഷോഭം തുടരുകയാണ്.
Content Highlights – Protesters occupy the parliament building in Iraq